ഹരിയാന സംഘർഷം: 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച്‌ നീക്കിയതായി റിപ്പോർട്ട്

  • 07/08/2023

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ വിഎച്ച്‌പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്തു. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചത്. ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച്‌ നീക്കിയിരുന്നു.


തദ്ദേശീയരായ ആളുകളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കെട്ടിടങ്ങള്‍ പൊളിച്ച്‌ നീക്കിയത്. നിലവില്‍ പൊളിച്ച്‌ നീക്കിയ കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ആരവല്ലി മലയില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ബുള്ളറ്റുകളുടെ ഷെല്ലുകളും അനധികൃത ആയുധങ്ങളും പെട്രോള്‍ ബോംബുകളും കണ്ടെത്തിയിരുന്നു. കുറ്റാരോപിതര്‍ക്ക് കീഴടങ്ങാന്‍ പൊലീസ് ഞായറാഴ്ച അന്ത്യ ശാസനം നല്‍കിയിട്ടുണ്ട്. അതിനിടെ കര്‍ഫ്യൂ ലംഘിച്ച്‌ നടന്ന മഹാപഞ്ചായത്തില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .

Related News