പ്രതിപക്ഷ ബഹളത്തിനിടെ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ലും ഫാര്‍മസി ബില്ലും ലോക്സഭ പാസാക്കി

  • 07/08/2023

ദില്ലി: പ്രതിപക്ഷ ബഹളത്തിനിടെ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ലും ഫാര്‍മസി ബില്ലും ലോക്സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിക്കൊണ്ടാണ് ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ല് പാസാക്കിയത്. വിവിധ സേവനങ്ങള്‍, സബ്സിഡി, ലൈസൻസ് തുടങ്ങിയവക്കായി നല്‍കുന്ന വ്യക്തിവിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാൻ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. വ്യക്തിവിവരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തുന്നു എന്നടക്കം പ്രതിപക്ഷം വിമര്‍ശിച്ചു.


രാജ്യസഭയില്‍ ദില്ലി ഭരണ നിയന്ത്രണ ബില്ലിന് മേല്‍ ചര്‍ച്ച നടക്കുകയാണ്. ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന വിമര്‍ശനത്തിനിടെയാണ് ചര്‍ച്ച നടക്കുന്നത്. ഇതിനിടെ രാജ്യസഭയില്‍ ആദ്യമായി സംസാരിക്കാൻ എഴുന്നേറ്റ മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷമായ വിമര്‍ശനം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. പിന്നാലെ ജയ ബച്ചനടക്കം പ്രതിപക്ഷത്തെ നാല് വനിതാ എംപിമാര്‍ യോഗം ബഹിഷ്കരിച്ച്‌ ഇറങ്ങിപ്പോയി. പ്രിയങ്ക ചതുര്‍വേദി, ജയബച്ചൻ, വന്ദന ചവാൻ, സുഷ്‍മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്.

രഞ്ജൻ ഗോഗോയിക്കെതിരായ 2019ലെ ലൈംഗികാരോപണത്തിലാണ് പ്രതിഷേധം ഉണ്ടായത്. രാജ്യസഭയില്‍ ദില്ലി ബില്ലിൻമേല്‍ ചര്‍ച്ച നടക്കുന്നതിനിടെ ആയിരുന്നു ഇത്. സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങളുടെ നിയമവും പാര്‍ലമെന്‍റ് കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിയമവും ആണ് ഉണ്ടാക്കുന്നതെന്ന് തന്റെ പ്രസംഗത്തില്‍ രഞ്ജൻ ഗൊഗോയി പറഞ്ഞു. ദില്ലി ഓ‍ര്‍ഡിനൻസിന്‍റെ സാധുതയാണ് സുപ്രീംകോടതിയുടെ മുൻപിലുള്ളത്. അതിന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലെന്നും ഗോഗോയ് അഭിപ്രായപ്പെട്ടു. പിന്നാലെ ദില്ലി ഭരണ നിയന്ത്രണ ബില്ലിനെ താന്‍ അനുകൂലിക്കുന്നുവെന്നും രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.

Related News