രാഹുൽ ഗാന്ധി തുഗ്ലകിലെ വസതിയിലേക്ക് തിരികെ; തീരുമാനം പാർലമെന്ററി ഹൗസിങ് കമ്മിറ്റിയുടേത്

  • 08/08/2023

ലോക്സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് ഡൽഹിയിലെ തുഗ്ലക് ലൈനിലെ വസതി തിരികെ ലഭിക്കും. പാർലമെന്ററി ഹൗസിങ് കമ്മിറ്റിയുടേതാണ് തീരുമാനം. മോദി പരാമർശത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 22നാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞത്. തുടർന്ന് ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു രാഹുലിന്റെ താമസം.

പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതോടെ ഇന്നലെയാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് എത്തിയത്. വൻ ആഘോഷത്തോടെയാണ് പ്രതിപക്ഷ അംഗങ്ങൾ രാഹുലിനെ സ്വീകരിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ന് രാഹുൽ സംസാരിക്കില്ല. മണിപ്പൂർ വിഷയത്തിലാണ് കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം.

വിചാരണ കോടതി ഉത്തരവിനെ വിമർശിച്ചുകൊണ്ടാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആർ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വർഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവിൽ അവ്യക്തമാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ബിആർ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അയോഗ്യ നീങ്ങിയതോടെ ഇന്ത്യ മുന്നണിയെ മുൻനിർത്തിക്കൊണ്ട് വീണ്ടും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കോൺഗ്രസ്.

Related News