ദില്ലി ബില്ല്: രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്കും നന്ദി അറിയിച്ച്‌ അരവിന്ദ് കെജ്രിവാള്‍

  • 09/08/2023

ദില്ലി: ദില്ലി ബില്ലിനെ എതിര്‍ത്തുള്ള നിലപാടില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്കും നന്ദി അറിയിച്ച്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ രണ്ടുകോടി ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നു എന്നാണ് കത്തില്‍ അരവിന്ദ് കെജ്രിവാള്‍ എഴുതിയിരിക്കുന്നത്. നേരത്തെ ദില്ലി ഓര്‍ഡിനൻസില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആദ്യം നിലപാട് പ്രഖ്യാപ്പിച്ചിരുന്നില്ല. പാട്നയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയുടെ ആദ്യ യോഗത്തില്‍ കോണ്‍ഗ്രസിൻറെ നിലപാടില്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തത തേടിയിരുന്നെങ്കിലും അന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തിരുന്നില്ല.


പാര്‍ലമെന്റ് സമ്മേളനത്തിന് മുൻപ് നിലപാട് എടുക്കുമെന്നായിരുന്നു അന്ന് ഖാര്‍ഗെ അറിയിച്ചത് തുടര്‍ന്ന് കോണ്‍ഗ്രസിൻറെ പാര്‍ലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുകയും തുടര്‍ന്ന് ദില്ലി ഓര്‍ഡിനൻസില്‍ ആം അദ്മി പാര്‍ട്ടിയെ പിന്തുണക്കാമെന്ന നിലപാട് കോണ്‍ഗ്രസ് എടുക്കുകയും ചെയ്യതു. ദില്ലി ഓര്‍ഡിനൻസില്‍ കോണ്‍ഗ്രസ് നിലപാടെടുത്തില്ലെങ്കില്‍ ഇന്ത്യ സഖ്യത്തില്‍ ഉണ്ടാകില്ലെന്ന് ആം അദ്മി പാര്‍ട്ടിയും കെജ്രിവാളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആം അദ്മി പാര്‍ട്ടിയെ പിന്തുണക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് എടുത്തത്. ഇന്ത്യ മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദവും കോണ്‍ഗ്രസിൻറെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.

Related News