മഥുരയില്‍ അനധികൃത കൈയേറ്റത്തിന്റെ പേരില്‍ നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി

  • 10/08/2023

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത കൈയേറ്റത്തിന്റെ പേരില്‍ നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി. റെ‌യില്‍വേയുടെ ഭൂമിയില്‍ അനധികൃതമായി താമസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുടിലുകള്‍ പൊളിച്ചുനീക്കിയത്. നിരവധി പൊലീസുകാരും ലോക്കല്‍ അഡ്മിനിസ്ട്രേഷൻ വിഭാഗവും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ന‌യി ബസ്തി പ്രദേശത്തെ കുടിലുകളാണ് പൊളിച്ചത്. റെയില്‍വേയുടെ ഭൂമിയില്‍ വീടുകെട്ടി താമസിക്കുന്ന അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി താമസക്കാര്‍ക്ക് നോ‌ട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് താമസക്കാര്‍ കോടതിയെ സമീപിച്ചു. കോ‌ടതി വിഷയം 21ന് പരിഗണിക്കാനിരിക്കെയാണ് ബുള്‍ഡോസറെത്തി വീടുകള്‍ പൊളിച്ചത്.


135 വീടുകളാണ് പൊളിച്ചത്. പ്രദേശത്തെ 200ഓളം കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിച്ചുനീക്കിയതെന്നും മഥുര-വൃന്ദാവൻ പാത ബ്രോഡ്ഗേജാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഡിവിഷണല്‍ എൻജിനീയര്‍ നിതിൻ ഗാര്‍ഗ് പറഞ്ഞു. എന്നാല്‍ റെയില്‍വേ നോട്ടീസ് നല്‍കിയതിന് പിന്നാലെ സിവില്‍ കോടതിയെ സമീപിച്ചിരുന്നെന്ന് കുടുംബങ്ങളുടെ വക്കീല്‍ രാജേഷ് കുമാര്‍ സെയ്നി പറഞ്ഞു.

വിഷയത്തില്‍ റെയില്‍വേയുടെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നല്‍കാൻ കൂടുതല്‍ സമയം വേണമെന്നാണ് റെയില്‍വേ അറിയിച്ചത്. നടപടികള്‍ തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷാഹി ഈദ്ഗാഹ് പള്ളിയുമായി ബന്ധപ്പെട്ട കേസുകള്‍ ന‌ടക്കുന്നതിനിടെയാണ് പുതിയ സംഭവം.

Related News