പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ മോശമായി പെരുമാറിയതിന് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു

  • 10/08/2023

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ മോശമായി പെരുമാറിയതിന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരായ പരാതിയില്‍ അവകാശലംഘന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. നാളെ സമ്മേളനം തീരാനിരിക്കെയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ പ്രതിപക്ഷം ബഹിഷ്‌കരിച്ച സഭയില്‍ ശബ്ദ വോട്ടോടെ മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളി.


മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യന്‍ ഉദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി. കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് മുഴുവന്‍ സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന് ചെയ്യും. സ്ത്രീകളും പെണ്‍മക്കളും അടങ്ങുന്ന മണിപ്പൂര്‍ ജനതയോട് ഒപ്പം രാജ്യം ഉണ്ടെന്നും മോദി പറഞ്ഞു.

'ലങ്ക കത്തിച്ചത് ഹനുമാന്‍ അല്ല, അവന്റെ (രാവണന്‍) അഹങ്കാരം കൊണ്ടാണ്, മനുഷ്യരും ശ്രീരാമനെപ്പോലെയാണ്, അതുകൊണ്ടാണ് നിങ്ങളെ 400 ല്‍ നിന്ന് 40 ആയി ചുരുക്കിയത്്. ജനങ്ങളാണ് പൂര്‍ണ്ണ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ രണ്ടുതവണയും തെരഞ്ഞെടുത്തത്. 2024ലും രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല. ജന്മദിനത്തില്‍ വിമാനത്തില്‍ കേക്ക് മുറിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ വിമാനങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി വാക്‌സിനുകള്‍ അയയ്ക്കുന്നു.'- രാഹുലിന് മറുപടിയായി മോദി പറഞ്ഞു.

'രാജ്യത്തെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസമില്ല. അഹങ്കാരം മൂലം അവര്‍ക്ക് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയുന്നില്ല. തമിഴ്നാട്ടില്‍ 1962ല്‍ അവര്‍ വിജയിച്ചു, 1962 മുതല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ 'കോണ്‍ഗ്രസ് വേണ്ട' എന്ന് പറയുന്നു. 1972ല്‍ പശ്ചിമ ബംഗാളില്‍ അവര്‍ വിജയിച്ചപ്പോള്‍, പശ്ചിമ ബംഗാളിലെ ജനങ്ങളും പറയുന്നത് 'കോണ്‍ഗ്രസ് വേണ്ട' എന്നാണ്. യുപിയിലും ബിഹാറിലും ഗുജറാത്തിലും അവര്‍ 1985ല്‍ ജയിച്ചു, ഈ സംസ്ഥാനങ്ങളിലെ ജനങ്ങളും പറയുന്നത് 'കോണ്‍ഗ്രസ് വേണ്ട' എന്നാണ്.' - മോദി വിമര്‍ശിച്ചു.

Related News