കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ, 'ആള്‍മാറാട്ട' ലൈംഗിക ബന്ധം, കൂട്ടബലാത്സംഗം; 'പുതിയ നിയമ'ത്തില്‍ കടുത്ത ശിക്ഷ

  • 11/08/2023

ദില്ലി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബില്ലില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ് വിവിധങ്ങളായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ടെന്ന് അറിയണം. കുട്ടികളെ ബലാത്സംഗം ചെയ്താലുള്ള ശിക്ഷകളില്‍ വധശിക്ഷയും ഉള്‍പ്പെടുത്തി എന്നതാണ് പ്രധാനമാറ്റം.


കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 20 വര്‍ഷം വരെ തടവ് ലഭിക്കാം എന്നും മാറ്റിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഏഴില്‍ നിന്ന് 10 വര്‍ഷമായും കൂട്ടുന്നതാണ് പുതിയ ബില്ല്. ആള്‍മാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച്‌ മറ്റുള്ളവരെ തട്ടിപ്പിലൂടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ശിക്ഷ ലഭിക്കുമെന്ന് സാരം.

ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്. ഇത്തരം കേസുകളിലും വധശിക്ഷ വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് പുതിയ ബില്ലിലുള്ളത്. ആള്‍ക്കൂട്ട കൊലപാതകത്തിന് 7 വര്‍ഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നല്‍കാമെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. സംഘടിത ആക്രമണങ്ങള്‍ക്ക് പ്രത്യേക ശിക്ഷയും ബില്ലില്‍ വിവരിക്കുന്നുണ്ട്. ഇത്തരം കേസുകള്‍ അധികാര പരിധി പരിഗണിക്കാതെ ഏതു പൊലീസ് സ്റ്റേഷനിലും നല്‍കാമെന്നാണ് ബില്ലിലെ വ്യവസ്ഥ. രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളില്‍ അന്വേഷണത്തെ സംബന്ധിച്ച്‌ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം തുടങ്ങിയ വലിയ മാറ്റങ്ങള്‍ അമിത് ഷാ അവതരിപ്പിച്ച്‌ ബില്ലിലുണ്ട്.

Related News