സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് തീയിട്ട സംഭവത്തിൽ കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

  • 29/10/2023



കുവൈത്ത് സിറ്റി: സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് തീയിട്ട സംഭവത്തിൽ അറബ് പൗരൻ അറസ്റ്റിൽ. തന്റെ അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ്  അറബ് പൗരനെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയത്. കടം വാങ്ങിയത് സംബന്ധിച്ചുള്ള തർക്കമാണ് ഇതിന് കാരണം. കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള ഒരു അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

പരിശോധന നടത്തിയപ്പോൾ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിൽ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ വെച്ചതാണെന്ന് വ്യക്തമായി. സമഗ്രമായ അന്വേഷണങ്ങൾക്കും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അവലോകനം ചെയ്തതിനും ശേഷമാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. കടം വാങ്ങിയ ശേഷം  തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അപ്പാർട്ട്മെന്റിന് മനഃപൂർവം തീകൊളുത്തിയതായി അറബ് പൗരൻ സമ്മതിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related News