കുവൈറ്റ് പ്രവാസികളുടെ ഫാമിലി വിസ സസ്പെൻഷൻ; ബിസിനസ് കമ്മിറ്റി പരിശോധിക്കും

  • 28/11/2023


കുവൈത്ത് സിറ്റി: മന്ത്രാലയങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളെക്കുറിച്ച് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്‌സി) പ്രതിനിധികൾ അടുത്തിടെ ചർച്ച ചെയ്തതായി പാർലമെന്ററി ബജറ്റ് ആന്റ് ഫൈനൽ അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ എംപി ഒസാമ അൽ സെയ്ദ് അറിയിച്ചു. മൊത്തം 1,222 നിയമലംഘനങ്ങൾ സിഎസ്‍സി രേഖപ്പെടുത്തിയതായി അൽ സെയ്ദ് പറഞ്ഞു. മന്ത്രാലയങ്ങൾ രേഖപ്പെടുത്തിയ ലംഘനങ്ങളുടെ എണ്ണവും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. 

വാണിജ്യ, വ്യവസായ മന്ത്രാലയം 644, വിദേശകാര്യ മന്ത്രാലയം 331, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം 75, കൃഷികാര്യങ്ങൾക്കും മത്സ്യവിഭവങ്ങൾക്കുമുള്ള പബ്ലിക് അതോറിറ്റിയുടെ 35 എന്നിങ്ങനെയാണ് കണക്കുകൾ. അതേസമയം, ഫാമിലി വിസയുടെ ബന്ധപ്പെട്ട് ഉൾപ്പെടെ 20 കത്തുകളും കമ്മിറ്റിക്ക് ലഭിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഫാമിലി വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഒരു പഠനം നടത്താൻ ബിസിനസ് എൻവയോൺമെന്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ അഭ്യർത്ഥിക്കുന്നതാണ് പ്രധാന കത്ത്.

Related News