കുവൈത്തിലെ ഡെലിവറി ഡ്രൈവർമാർക്ക് ഇന്ത്യൻ എംബസി നിർദേശങ്ങൾ

  • 06/12/2023



കുവൈത്ത് സിറ്റി: കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ ഡെലിവറി ഡ്രൈവർമാർക്കും രാജ്യത്തെ ഇന്ത്യൻ എംബസി മാർ​ഗ നിർദേശങ്ങൾ നൽകി. റെസ്റ്റോറന്റ് ഡ്രൈവർമാർ/ഡെലിവറി റൈഡർമാർ/കൊറിയർ റൈഡർമാർ എന്നിങ്ങനെയുള്ള മേഖലകളിലേക്ക് പുതിയതായി എത്തിയവർക്കും മുമ്പ് ജോലി ചെയ്തിരുന്നവർക്കും നിർദേശങ്ങൾ ബാധകമാണ്. കുവൈത്തിൽ റെസ്റ്റോറന്റ് ഡ്രൈവർമാരായി ആയി ജോലിക്ക് വരുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എംബസിയുടെ നടപടി.

ഡെലിവറി ഡ്രൈവർമാർക്ക് സ്മോൾ-ടു-മീഡിയം എന്റർപ്രൈസസ് (എസ്എംഇ) വിസയാണ് നൽകുന്നത്.. ഇത് ഒരേ തൊഴിലുടമയ്ക്ക് കീഴിൽ ജീവനക്കാരന് മൂന്ന് വർഷം വരെ ജോലി ചെയ്യേണ്ടി വരും. മൂന്ന് വർഷം കഴിയാതെ വിടുതൽ/കൈമാറ്റത്തിന് ഒരു വ്യവസ്ഥയും ഇല്ല. മൂന്ന് വർഷത്തിന് ശേഷം, തൊഴിലാളികൾക്ക് മറ്റൊരു എസ്എംഇ തൊഴിലുടമയിലേക്ക് ട്രാൻസ്ഫർ ലഭിക്കും അല്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങണം. ശമ്പളം സാധാരണയായി ഡെലിവറി ടാർഗെറ്റുകൾക്കൊപ്പം കമ്മീഷൻ അടിസ്ഥാനമാക്കിയുള്ളതും ഡെലിവറികളുടെ ദൂരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്.

ഒരു നിശ്ചിത മാസവരുമാനം ഇത്തരം കമ്പനികൾ ജീവനക്കാർക്ക് നൽകുന്നില്ല. ചില ഏജന്റുമാർ ഇത്തരത്തിൽ തെറ്റായി വാഗ്ദാനം ചെയ്തേക്കാം. ജോലി സ്വീകരിക്കുന്നതിന് മുമ്പ്, തൊഴിലാളികൾ കരാർ കൃത്യമായി മനസിലാക്കണം. തൊഴിലാളികളുടെ മിനിമം ജോലി സമയം, ഓവർടൈം വേതനം, അവധിക്കാല അവകാശം, തൊഴിലാളിയുടെ ആരോഗ്യം, സുരക്ഷ എന്നിവ പോലുള്ള അടിസ്ഥാന അവകാശങ്ങൾ തൊഴിലുടമ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജോലിക്കിടയിൽ സംഭവിക്കുന്ന അപകടങ്ങളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും വ്യക്തത വേണം.

Related News