ജനുവരിയിൽ കുവൈത്ത് വിമാനത്താവളത്തിലൂടെ യാത്രചെയ്തവരുടെ കണക്കുകൾ പുറത്ത്

  • 19/02/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ ജനുവരിയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,427,684 ആയിരുന്നുവെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് ശതമാനവും വിമാന ഗതാഗതത്തിൽ 10 ശതമാനവും വർധനയുണ്ടായി. അതേസമയം എയർ കാർഗോ ട്രാഫിക്കിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരിയിൽ 34 ശതമാനം വർധനയുണ്ടായെന്നും ആക്ടിംഗ് ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേഷൻ ഇമാദ് അൽ ജലവി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ രാജ്യത്തേക്ക് എത്തിയ യാത്രക്കാരുടെ എണ്ണം 719,092 ആയിരുന്നു. അതേസമയം രാജ്യത്ത് നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണം 708,592 ആണ്. 2023 ജനുവരിയിലെ 10,098 ഫ്ലൈറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ ജനുവരിയിൽ വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തിയ മൊത്തം വിമാന സർവീസുകളുടെ എണ്ണം 11,063 ആയി. ഇതിനിടെ വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ 4,648 പരാതികൾ ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Related News