അസംബ്ലി തെരഞ്ഞെടുപ്പ്: കുവൈത്തിൽ രേഖപ്പെടുത്തിയത് ശ്രദ്ധേയമായ പോളിം​ഗ്

  • 05/04/2024


കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ കുവൈത്തിൽ രേഖപ്പെടുത്തിയത് ശ്രദ്ധേയമായ പോളിം​ഗ്. ഒന്നാം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് റുമൈതിയയിലും സാൽവയിലും വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ വലിയ തോതിൽ വോട്ടർമാർ ഒഴുകിയെത്തി. വോട്ടിം​ഗ് തുടങ്ങുന്നതിന് മുമ്പ് തന്നെ നിരവധിയാളുകൾ പോളിം​ഗ് സ്റ്റേഷനുകളിലേക്ക് എത്തിയിരുന്നു. പ്രത്യേകിച്ചും പ്രായമായവർ ആണ് വോട്ടെടുപ്പിന്റെ ആദ്യ സമയങ്ങളിൽ കൂടുതലായി എത്തിയത്.

തെരഞ്ഞെടുപ്പിലുള്ള ജനങ്ങളുടെ പങ്കാളിത്തം ജനാധിപത്യത്തോട് ചേർന്നുനിൽക്കുന്നതിൻ്റെ സന്ദേശമാണെന്ന്  സ്ഥാനാർത്ഥി അലി അൽ മൂസ  പറഞ്ഞു. കുവൈത്ത് ജനത അവരുടെ ഭരണഘടനാപരമായ അവകാശങ്ങളും കടമകളും ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സുഗമവും തടസരഹിതവുമായ വോട്ടിംഗ് അനുഭവം ഉറപ്പാക്കിക്കൊണ്ട് ഭരണപരവും സുരക്ഷാപരവുമായ എല്ലാ ക്രമീകരണങ്ങളും എല്ലാ വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉറപ്പാക്കിയിരുന്നു.

Related News