വിദേശത്ത് കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു

  • 25/04/2020

കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചത്.
കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിൽ നടപ്പിലാക്കിയ ലോക്ക് ഡൗണിനു ശേഷവും ഏപ്രിൽ മാസം 23 വരെ മൃതദേഹങ്ങൾ തടസ്സങ്ങൾകൂടാതെ ചരക്ക് വിമാനങ്ങൾ മുഖേനെ നാട്ടിൽ എത്തിച്ചിരുന്നു. എന്നാൽ ഏപ്രിൽ 23 ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാനദണ്ഡങ്ങളാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു തടസ്സങ്ങൾ സൃഷ്ടിച്ചത്.
ഈ ഉത്തരവ് പ്രകാരം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ഡൽഹിയിൽനിന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം (Non Objection Certificate) വേണമെന്ന് ആവശ്യപ്പെടുന്നു. ആയതിനാൽ Non Objection Certificate ഇല്ലായെന്ന കാരണത്താൽ നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്.
യാതൊരു മുന്നറിയിപ്പും നൽകാതെ ആരംഭിച്ച പുതിയ നടപടികൾ അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നതിനുപുറമെ കുടുംബാംഗങ്ങളിൽ മാനസിക വിഷമം ഉണ്ടാക്കുന്നതിനാൽ അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുൻപ് നിവേദനം നൽകിയിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ അടിയന്തര നടപടികൾ വൈകുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജ്ജി സമർപ്പിച്ചത്.
കുവൈറ്റിൽ വച്ച് ഉയർന്ന രക്തസമ്മർദ്ദം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചു മരണപ്പെട്ട വിനോദ്, ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട ഗോപകുമാർ ചന്ദ്രശേഖരൻ, വർഗ്ഗീസ് ഫിലിപ്പ്  എന്നിവരുൾപ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ Non Objection Certificate ഇല്ലെന്ന കാരണത്താൽ കുവൈറ്റിൽ കുടുങ്ങികിടക്കുന്ന വിവരം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ വിഷയത്തിൽ ഇടപെടുകയും, ബന്ധപ്പെട്ടവരെ പ്രവാസി ലീഗൽ സെൽ ന്യൂഡൽഹി ഓഫീസ് മുഖേന നിവേദനകൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. സമാനമായി ഗൾഫ് രാജ്യങ്ങളിൽ നിരവധി മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുവാൻ സാധിക്കാത്തതുണ്ടെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
ഇത്കൂടാതെ കോവിഡ് 19 രോഗമല്ലാത്ത കാരണത്താൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ ഡൽഹി എയർപ്പോർട്ടിൽ എത്തിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ Non Objection Certificate ഇല്ല എന്ന കാരണത്താൽ തിരിച്ചയച്ചതായും ഹർജ്ജിയിൽ പറയുന്നു.
മാന്യമായ മൃതസംസ്കാരം ഇന്ത്യൻ ഭരണഘടനയുടെ 21 ആം വകുപ്പ് ഉറപ്പ് വരുത്തുന്ന മൗലിക അവകാശമാണെന്നും അനാവശ്യമായ നടപടിക്രമങ്ങൾമൂലം ഉണ്ടാക്കുന്ന കാലതാമസവും മറ്റും മൃതദേഹത്തോടുള്ള അവഗണയുണ്ടാക്കുന്നതിനാൽ ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായിട്ടാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.

Related News