പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തിലാക്കിയത് പ്രവാസി ലീഗൽ സെല്ലി ന്റെ നിയമപരമായ ഇടപെടൽ

  • 21/05/2020

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ.
ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൌണിനെ തുടർന്ന് കേന്ദ്ര സർക്കാരിന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ഇതിനെതിരെ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഗീത, ഷൈനി, സാഹിൽ, ഹർ പ്രീത് സിംഗ് തുടങ്ങിയവർ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണയിലിരിക്കവെയാണ് കുവൈത്തിൽ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന 234 ഇന്ത്യക്കാരെ കുവൈത്ത് വിമാനങ്ങളിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ എത്തിച്ചത്. എങ്കിലും ആയിരകണക്കിന് ഇന്ത്യക്കാർ കുവൈത്തിലെ ഡീപോർട്ടഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന സാഹചര്യത്തിൽ ഹർജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ സാധിക്കാത്തതിനാൽ പ്രവാസി ലീഗൽ സെൽ വീണ്ടും കേന്ദ്ര സർക്കാരിന് ഒരു നിവേദനം സമർപ്പിച്ചിരുന്നു. ദുരിതപൂർവമായ സാഹചര്യത്തിൽ കഴിയുന്ന ഇന്ത്യക്കാരെ അടിയന്തിരമായി തിരിച്ചുനാട്ടിലെത്തിക്കണമെന്നും അല്ലാത്ത പക്ഷം സുപ്രീം കോടതിയുടെ നിർദ്ദേശം അവഗണിക്കപ്പെടുന്നതായും അത് കോടതിയലക്ഷ്യമായി കണക്കാക്കപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കുവൈത്തിലെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയ 145 ഇന്ത്യക്കാരെ രണ്ടാം ഘട്ടമായി ജസീറ എയർ വെയ്സ് വിമാനത്തിൽ ആന്ധ്രപ്രദേശിലെ വിജയവാഡയിൽ എത്തിച്ചത്. ഇത് കൂടാതെ ഇന്ത്യക്കാരുമായി ജസീറ എയർ വെയ്സ് വിമാനം വെള്ളിയാഴ്ച ലൗക്നൗവിലേക്കും, വിജയവാഡയിലേക്കും സർവീസ് നടത്തുമെന്ന് വാർത്തകൾ വരുന്നത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയ മറ്റു രാജ്യങ്ങളിലെ മറ്റു പൗരന്മാർ നാട്ടിൽ പോയിത്തുടങ്ങിയെങ്കിലും ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതായിരുന്നു ഇന്ത്യക്കാരുടെ മടക്കം വൈകാൻ കാരണം.സുപ്രീം കോടതിയിൽ ഹർജി നൽകിയവർ ഇപ്പോഴും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്ക് അനുവദിച്ച കേന്ദ്രങ്ങളിൽ തങ്ങളുടെ അവസരം കാത്തിരിക്കുകയാണ്. കുവൈറ്റിലെ  നാടുകടത്തൽ  കേന്ദ്രങ്ങളിൽ കഴിയുന്ന  ഹർജിക്കാർ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ ബുദ്ധിമുട്ടുകളും, വിഷമതകളും, ആരോഗ്യ പ്രശ്നങ്ങളും പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ്  ശ്രീ ബാബുഫ്രാൻസിസ്, പി എൽ സി ട്രഷറർ ശ്രീമതി ഷൈനി ഫ്രാങ്ക്, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ തുടങ്ങിയവർ മുഖാന്തിരമാണ് പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചതും, ഹർജി സമർപ്പിച്ചതും തുടർന്ന് ഇപ്പോൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്ക് വേഗത്തിൽ മടങ്ങാൻ വഴിതെളിഞ്ഞതും.

Related News