കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെവൻസ് ഫുട്ബോൾ; ഗ്രാന്റ് സോക്കർ എഫ്.സി. ജേതാക്കൾ

  • 03/12/2025


കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി 2026 ജനുവരി 30 അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ നടക്കാനിരിക്കുന്ന കാസർഗോഡ് ജില്ലാ സമ്മേളന പ്രചരണാർത്ഥം കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച വി.കെ.പി. ഹമീദലി ഹാജി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ മാക് എഫ്.സി.യെ ഒരു ഗോളിന് പിറകിലാക്കി ഗ്രാന്റ് സോക്കർ എഫ്.സി. ജേതാക്കളായി. ഫഹാഹീൽ സൂഖ് സബാ ഗ്രൗണ്ടിൽ നടന്ന ടൂർണ്ണമെന്റ് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും സ്പോർട്സ് വിംഗ് ചെയർമാനുമായ ഫിറോസ്.യു.പി. സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.

കുവൈത്തിലെ പതിനാറോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കാണികളുടെ മികച്ച സാന്നിധ്യം ടൂർണമെന്റിന് കൊഴുപ്പേകി. ഗ്രാന്റ് സോക്കർ എഫ്.സി.യുടെ ഹരി ടോപ്സ്കോററായും, ജവാദ് മികച്ച ഗോൾകീപ്പറായും, നിതിൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും തെരെഞ്ഞെടുത്തു. മാക് എഫ്.സി.യുടെ ശരത്താണ് മികച്ച ഡിഫന്റർ.

ചാമ്പ്യൻസ് ടീമിനുള്ള ട്രോഫി കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയും അഹമ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരിയും ചേർന്ന് കൈമാറി, റണ്ണേഴ്‌സ് ടീമിനുള്ള ട്രോഫി സംസ്ഥാന വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങളും, പ്രൈസ് മണി ഇഖ്ബാൽ മാവിലാടവും നൽകി. സംസ്ഥാന ഭാരവാഹികളായ എം.ആർ.നാസർ, ഷാഹുൽ ബേപ്പൂർ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ഭാരവാഹികളായ കബീർ തളങ്കര, അബ്ദുള്ള കടവത്ത്,റഫീഖ് ഒളവറ, മുത്തലിബ് തെക്കേക്കാട്, സി.പി.അഷ്‌റഫ്, ഖാദർ കൈതക്കാട്, സൈനുദ്ദീൻ കടിഞ്ഞിമൂല, തുടങ്ങിയവർ വിവിധ വ്യക്തിഗത ട്രോഫികളും, മെഡലുകളും വിതരണം ചെയ്തു.

കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ആക്ടിംഗ് ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ലത്തീഫ് മൗലവി, ഭാരവാഹികളായ അബ്ദുൽ റഹ്‌മാൻ തുരുത്തി, ഷംസീർ ചീനമ്മാടം, അബ്ദുല്ല അഷ്‌റഫ്, സമദ് ഏ.ജി., ഷംസീർ നാസർ,ഷാനവാസ് ഹൈത്തം, കുവൈത്ത് കെഎംസിസി വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Related News