കുവൈത്ത് കെ.എം.സി.സി. ഇടപെടൽ ഫലം കണ്ടു; മുഹമ്മദ് നിസാർ വീടണഞ്ഞു

  • 23/05/2020

കുവൈത്ത് സിറ്റി: കുവൈത്തിൽ കാറപകടത്തിൽ ചികിത്സയിലായിരുന്ന താനൂർ പെരിഞ്ചേരി സ്വദേശി മുഹമ്മദ് നിസാർ നാട്ടിലെത്തി. ഈ മാസം തുടക്കത്തിൽ കാണാതാവുകയും തുടർന്ന് വിവരമറിഞ്ഞ താനൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഹംസ കരിങ്കപ്പാറയുടെ നേതൃത്വത്തിൽ നടന്ന അന്യേഷണത്തിൽ കുവൈത്തിൽ വെച്ചുണ്ടായ കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കെ.എം.സി.സി. മെഡിക്കൽ വിംഗ് വഴി കണ്ടെത്തുകയുമായിരുന്നു. ഈ മാസം 11 നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലുംസ്വദേശിയായ സ്പോൺസർ മാറ്റൊരു സ്ഥലത്ത് താമസമൊരുക്കുകയുമായിരുന്നു. ഈ മാസം 25 നു തുടർചികിത്സ നിർദ്ദേശിക്കപ്പെട്ടിരുന്നതിനാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കുവൈത്തിൽ അത് നടത്താൻ പ്രയാസമുള്ളതിനാലും നാട്ടിലേക്ക് പോകാൻ വേണ്ട തെളിവുകൾ സഹിതം എംബസ്സിയിൽ പേരു റജിസ്റ്റർ ചെയ്തെങ്കിലും മെയ് 19 നുള്ള കണ്ണൂരിലേക്കുള്ള വിമാനത്തിൽ പുറപ്പെടാനൊരുങ്ങാൻ അറിയിപ്പു ലഭിച്ചിരുന്നില്ല. അതോടെ കുവൈത്ത് കെ.എം.സി.സി. സെക്രട്ടറി എഞ്ചി.മുഷ്താഖ്, നിസാറിന്റെ ഫോട്ടോ ഉൾപ്പെടെ എംബസ്സിക്ക് രണ്ട് തവണ ഇ.മെയിൽ അയക്കുകയും, പിന്നീട് ബന്ധപ്പെട്ടവർക്ക് എസ്.എം.എസ്.അയക്കുകയും ചെയ്തെങ്കിലും വിമാനം പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴും വിളി വരാതിരുന്നതിനാൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് നിസാറിനെ വിളിച്ച് യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ സ്പോൺസറുടെ ഇടപെടലും കൂടിയായപ്പോൾ നിസാറിന്റെ അവസ്ഥ നേരിട്ട് കണ്ട എംബസ്സി അധികൃതർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലാവുകയും ചെയ്തതോടെയാണ് യാത്രയ്ക്കുള്ള അനുമതി നൽകിയത്. വിമാനം കണ്ണൂരിലിറങ്ങിയെങ്കിലും നിസാറിനെ കാത്തുനിന്നവർക്ക് നിരാശയായിരുന്നു ഫലം.തുടർന്ന് നടന്ന അന്വേഷണത്തിൽ സ്വബോധം നഷ്ടപ്പെട്ട നിസാറിനെ മറ്റൊരു ലോഞ്ചിൽ കണ്ടെത്തുകയും ശേഷം കോട്ടക്കൽ കോറന്റയിൻ സെന്ററിലെത്തിക്കുകയും പിന്നീട് അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്. മുഹമ്മദ് നിസാറിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ.പ്രതികൂല സാഹചര്യത്തിലും നിസാറിനെ നാട്ടിലെത്താൻ സഹായിച്ച കുവൈത്ത് കെ എം സി സിയുടെ സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തിനും പിന്നിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണ് നിസാറിന്റെ വീട്ടുകാർ

Related News