വിജനമായ സ്ഥലത്ത്‌ ആരോരുമില്ലാതെ ഒറ്റപ്പെട്ട ജമ്മുകശ്മീർ സ്വദേശിക്ക് കൈത്താങ്ങായി കല കുവൈറ്റ്

  • 23/05/2020

കുവൈറ്റ് സിറ്റി: വിജനമായ സ്ഥലത്ത്‌ ആരോരുമില്ലാതെ ഒറ്റപ്പെട്ട ജമ്മുകശ്മീർ സ്വദേശിക്ക് കൈത്താങ്ങായി കല കുവൈറ്റ്. മെഹ്ബൂള പ്രദേശത്ത്‌ വാഹനത്തിൽ നിന്ന് ആരോ ഇറക്കി വിട്ടതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണവും, വെള്ളവും, താമസ സൗകര്യവുമില്ലാതെ അലയുകയായിരുന്നു ജമ്മുകശ്‍മീർ സ്വദേശി മുഹമ്മദ് മുഷ്താഖ്. ഈ വിവരം അറിഞ്ഞതിനെത്തുടർന്ന് കല കുവൈറ്റ്‌ പ്രവർത്തകർ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും താൻ നിൽക്കുന്ന പ്രദേശം എവിടെയാണെന്ന് പറയാൻ പോലും പറ്റാത്ത രീതിയിൽ ശാരീരികവും, മാനസികവുമായ അവശതയിലായിരുന്നു അദ്ദേഹം. ഒരു സ്വദേശി പൗരന്റെ സഹായത്തോടെ അദ്ദേഹം അബു ഹസാനിയയിലെ തീരപ്രദേശത്ത്‌ ആണെന്ന് കണ്ടെത്തി. തുടർന്ന് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ്‌ അവിടെയെത്തി മുഷ്താഖിനെ കണ്ടെത്തുകയും‌, പിന്നീട്‌ എംബസിയുടെ സഹായത്തോടെ ഫർവാനിയ പൊതുമാപ്പ്‌ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയ കുവൈറ്റിൽ പിടിക്കപ്പെട്ടാൽ ജയിലിൽ കിടക്കേണ്ടി വരുന്ന സാഹചര്യം പോലും വകവെക്കാതെയാണ് കല കുവൈറ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം കെ.വി. നിസാർ ആവശ്യമായ സഹായങ്ങൾ നൽകി. ദിവസങ്ങളോളം ഭക്ഷണം കഴിക്കാത്തതിനാൽ അവശ നിലയിലായിരുന്ന മുഷ്താഖിന് ഭക്ഷണവും, വെള്ളവും, ആവശ്യമായ മാസ്ക്ക്, ഗ്ലൗസ് എന്നിവ നൽകിയാണ് പൊതുമാപ്പ്‌ കേന്ദ്രത്തിൽ എത്തിച്ചത്.

Related News