അക്രമിസംഘം തട്ടിക്കൊണ്ടുപോയ ഖത്തർ ബിസിനസ്സുകാരനെയും സുഹൃത്തിനെയും പോലീസ് രക്ഷപ്പെടുത്തി

  • 08/02/2021


ദോഹ: തുർക്കിയിൽ അക്രമിസംഘം തട്ടിക്കൊണ്ടുപോയ ഖത്തർ ബിസിനസ്സുകാരനെയും സുഹൃത്തിനെയും പോലീസ് രക്ഷപ്പെടുത്തിയതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ഹതായ് പ്രവിശ്യയിൽ ഫെബ്രുവരി ഒന്നിനാണ് സംഭവം.

ബിസിനസ്സുകാരനെ മോചിപ്പിക്കാൻ നാല് ലക്ഷം ഡോളർ അക്രമിസംഘം മോചനദ്രവ്യം ആവശ്യപ്പെട്ടതായും എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ബിസിനസ്സുകാരന്റെ കുടുംബം പകുതി സംഖ്യ കൈമാറിയതായും റിപ്പോർട്ട് പറയുന്നു.

ഫെബ്രുവരി അവസാനത്തോടെ മുഴുവൻ സംഖ്യയും കൈമാറിയില്ലെങ്കിൽ ബിസിനസ്സുകാരനെ സിറിയയിൽ എത്തിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. തട്ടിക്കൊണ്ടുപോയവരെ മറ്റൊരു നഗരത്തിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ട് പറയുന്നു.

അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പു സംഘത്തിന്റെ കേന്ദ്രത്തിലെത്തിയ പോലീസ് ഒൻപത് പേരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാക്കി നാല് പേർക്കായുള്ള തെരച്ചിൽ തുടരുന്നതായി പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

Related News