മിഡിൽ ഈസ്റ്റിൽ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഏറ്റവും മികച്ച രാജ്യം ഖത്തർ; കണ്ടെത്തൽ എച്ച്.എസ്.ബി.സി നടത്തിയ ആഗോള പ്രവാസി സർവ്വേയിൽ

  • 09/02/2021

ദോഹ: മിഡിൽ ഈസ്റ്റിൽ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഏറ്റവും മികച്ച രാജ്യം ഖത്തറെന്ന് കണ്ടെത്തൽ. എച്ച്.എസ്.ബി.സി നടത്തിയ ആഗോള പ്രവാസി സർവ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

സർവ്വേഫലങ്ങൾ പ്രകാരം ഖത്തറിന് മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ ആറാം സ്ഥാനവുമാണ്. കൂടാതെ സിംഗപ്പൂരിന് പുറമെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക ഏഷ്യൻ രാജ്യവും ഖത്തറാണ്. 

'ഖത്തർ ലോകത്തിലെ ചെറിയ രാജ്യങ്ങളിൽ ഒന്നായിരിക്കാം. പക്ഷേ ഏറ്റവും സമ്പന്ന രാജ്യമാണ്. അതിവേഗത്തിൽ വികസിക്കുന്ന രാജ്യമാണ് ഖത്തർ. ചുട്ടുപൊള്ളുന്ന മണലിൽ നിന്ന് ബൈബിളിലെ ബെഹമോത്തിനെ പോലെ ഉയർന്നുവന്ന രാജ്യമായ ഖത്തർ എല്ലാ മേഖലകളിലും വിദേശ പ്രൊഫഷണലുകളെ ആകർഷിക്കുന്നു.' -എച്ച്.എസ്.ബി.സി ഖത്തറിനെ കുറിച്ചുള്ള അവലോകനത്തിൽ എഴുതി. 

വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമാണ് ദോഹയെന്നും റിപ്പോർട്ടിൽ പറയുന്നു. 

'ഒരിക്കൽ മുത്ത് വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ഖത്തർ പിന്നീട് വാതകത്തിന്റെയും എണ്ണയുടെയും സഹായത്തോടെ പൂത്തുലഞ്ഞു. ആഗോളതലത്തിൽ പ്രധാന ശക്തിയായി മാറി. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളിലൊന്നായി. ഊർജ്ജ മേഖലയിൽ മാത്രമല്ല, ഐ.ടി, നിർമ്മാണം, ബിസിനസ്, ടൂറിസം എന്നീ മേഖലകളിലും ഖത്തർ പ്രവാസികളെ സ്വാഗതം ചെയ്യുന്നു. കൂടുതൽ പ്രവാസികളും ഖത്തറിൽ ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നു. നികുതിരഹിതമായ അന്തരീക്ഷത്തിൽ പണം ലാഭിക്കാനും മികച്ച ജീവിതനിലവാരം ആസ്വദിക്കാനും ഖത്തറിൽ കഴിയുന്നു.' -എച്ച്.എസ്.ബി.സി പ്രവാസി സർവ്വേ റിപ്പോർട്ടിൽ പറയുന്നു.  

സർവ്വേയിൽ ഒന്നാം സ്ഥാനത്തുള്ളത് സ്വിറ്റ്‌സർലാന്റാണ്. സിംഗപ്പൂർ, ന്യൂസിലാന്റ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് ഖത്തറിന് മുന്നിലായി യഥാക്രമം രണ്ട് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ ഉള്ളത്. 

Related News