പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; ഖത്തറിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

  • 11/02/2021


ദോഹ : കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഖത്തറിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെക്കുന്നതായുള്ള വാർത്തകൾ വിശ്വസിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൂർണമായും ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണെന്ന വാർത്തകൾ തെറ്റാണെന്നും എല്ലാ സ്‌കൂളുകളിലും നേരിട്ടുള്ള ക്ലാസുകൾ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ക്ലാസുകൾ ഉടൻ നിർത്തലാക്കുമെന്ന് കഴിഞ്ഞ ദിവസം അറബിക് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രാലയം ട്വിറ്ററിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

"ഇപ്പോഴുള്ള രീതിയിൽ ക്ലാസുകൾ തുടരും. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്," മന്ത്രാലയം ട്വീറ്റ് ചെയ്തു. അമ്പത് ശതമാനം കുട്ടികൾ സ്കൂളിൽ ഹാജരാകുന്ന ക്ലാസ്സുകളാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പല രക്ഷിതാക്കളും ഖത്തറി സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തീരുമാനമാണ് അധികാരികൾ എടുത്തതെന്നും പല സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

Related News