അമ്പത് വയസ്സ് കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

  • 11/02/2021


ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു. എല്ലാ പ്രായത്തിലുമുള്ള സ്വദേശികൾക്കും 50 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും ഇനി മുതൽ കോവിഡ് വാക്‌സിൻ ലഭ്യമാവുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഴ്ച്ച തോറുമുള്ള ചോദ്യോത്തര സെഷനിൽ  ഖത്തർ വാക്‌സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് ആണ്  ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 9 വരെ 60 വയസിന് മുകളിലുള്ളവർക്കും മാറാവ്യാധികളുള്ളവർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് വാക്‌സിൻ ലഭിച്ചിരുന്നത്. ബുധനാഴ്ച്ച(ഇന്നലെ) മുതൽ വാക്‌സിൻ ലഭിക്കുന്ന പ്രവാസികളുടെ പ്രായം 50 വയസ്സും അതിന് മുകളിലും ആക്കി കുറച്ചു. ഖത്തരികൾക്കും മാറാവ്യാധികൾ ഉള്ളവർക്കും പ്രായഭേദമില്ലാതെ വാക്‌സിൻ ലഭ്യമാവുമെന്നും അൽ ബയാത്ത് അറിയിച്ചു.

അധികം വൈകാതെ തന്നെ വാക്‌സിൻ ലഭ്യമാവുന്ന പ്രവാസികളുടെ പ്രായം വീണ്ടും കുറയ്ക്കും. ഇതിനായി പ്രവാസികൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും രജിസ്റ്റർ ചെയ്തവരെ ഉപാധികളിൽ മാറ്റം വരുന്നതിന് അനുസരിച്ച് നേരിട്ട്  ബന്ധപ്പെടുമെന്നും അവർ വ്യക്തമാക്കി. തൗതീഖിലോ(TAWTHEEQ) നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റത്തിലോ അതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നേരത്തേ കോവിഡ് ബാധിച്ചവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. അവർക്കും പിന്നീട് വാക്‌സിൻ ലഭിക്കും. പ്രകൃതിദത്ത പ്രതിരോധ ശേഷി സ്ഥിരമായി നിൽക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്. മോഡേണയുടെയും ഫൈസറിന്റെയും വാക്‌സിനുകളിൽ തമ്മിൽ സ്റ്റോറേജ് ടെംപറേച്ചറിൽ മാത്രമേ വ്യത്യാസമുള്ളുവെന്നും സോഹ അൽ ബയാത്ത് പറഞ്ഞു.

Related News