കൊറോണ മുന്നണിപ്പോരാളികൾക്കായി പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിങ് ഖത്തർ എയർവേയ്‌സ് നീട്ടി

  • 16/02/2021

ദോഹ: കൊറോണ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് പ്രഖ്യാപിച്ച സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിങ് ഖത്തർ എയർവേയ്‌സ് നീട്ടി. 'താങ്ക്യൂ ഹീറോസ്' ക്യാമ്പയിനിന്റെ ഭാഗമായി നേരത്തെ ടിക്കറ്റ് എടുത്തിട്ടും ഇതുവരെ യാത്ര ചെയ്യാൻ കഴിയാതിരുന്നവർക്ക് ടിക്കറ്റ് ഇനിയും ഉപയോഗിക്കാം. 

2022 മാർച്ച് 31 വരെയുള്ള യാത്രയ്ക്കായി 2021 സെപ്തംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നന്ദി സൂചകമായി  ഒരു ലക്ഷം സൗജന്യ ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. 

ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, ക്ലിനിക്കൽ റിസർച്ചർ, ഫാർമസിസ്റ്റ് എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് qatarairways.com/ThankYouHeroes എന്ന വെബ്‌പേജിൽ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് മുൻഗണനാക്രമപ്രകാരം പ്രൊമോഷൻ കോഡ് ലഭിക്കും. പ്രമോഷൻ കോഡ് ലഭിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഖത്തർ എയർവേസ് സർവ്വീസ് നടത്തുന്ന ഏത് രാജ്യത്തേക്കും രണ്ട് എക്കണോമി ക്ലാസ് റിട്ടേൺ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Related News