ഖത്തറിലെ 80 ശതമാനം അധ്യാപകരും സ്‌കൂൾ ജീവനക്കാരനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

  • 23/03/2021

ദോഹ: രാജ്യത്തെ കൊവിഡ്-19 രോഗത്തിന്റെ സ്ഥിതി മന്ത്രാലയം നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തറിലെ 80 ശതമാനം അധ്യാപകരും സ്‌കൂൾ ജീവനക്കാരും കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചെന്നും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവായ മുഹമ്മദ് അൽ ബിഷ്രി അറിയിച്ചു. 

'വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സംരക്ഷണത്തിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. കൊവിഡ്-19 വാക്‌സിനെടുക്കാൻ ആരെയും മന്ത്രാലയം നിർബന്ധിക്കുന്നില്ല. എന്നാൽ വാക്‌സിനെടുക്കാത്തവർ എല്ലാ ആഴ്ചയിലും പി.സി.ആർ ടെസ്റ്റ് നടത്തിയതിന്റെ ഫലം സമർപ്പിക്കേണ്ടതാണ്.' -അദ്ദേഹം പറഞ്ഞു. 

കൊവിഡ് വാക്‌സിനേഷന് അർഹരായ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കി ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് സ്‌കൂളുകളിലെ ഹാജർനില 30 ശതമാനമായി കുറച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സംരക്ഷണം വർധിപ്പിക്കാനായാണ് ഈ തീരുമാനമെടുത്തത്. 

കൊവിഡിനെതിരായ പോരാട്ടം തുടരുന്നതിനാൽ സ്ഥിതിഗതികൾക്കനുസരിച്ച് തീരുമാനങ്ങളിൽ മന്ത്രാലയം ഭേദഗതി വരുത്തും. അതേസമയം സ്‌കൂളിന് പുറത്തുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണം. ചെറിയ ലക്ഷണങ്ങൾ കാണിച്ചാൽ തന്നെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികളുടെ പ്രതിരോധശേഷി ദുർബലമായതിനാലും വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളതിനാലുമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ആരോഗ്യ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കും. ഏതെങ്കിലും നിയമലംഘനമുണ്ടായാൽ കർശനമായ നടപടി ഉണ്ടാകും. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വരാനിരിക്കുന്ന പരീക്ഷകളുടെ ഷെഡ്യൂൾ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Related News