ഖത്തറിലെ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ഓസ്‌ട്രേലിയൻ തുറമുഖത്ത് തടഞ്ഞുവെച്ചു; കപ്പലിലെ 23 ഓളം ജീവനക്കാർ ദുരിതത്തിൽ

  • 27/03/2021

ദോഹ: ഓസ്‌ട്രേലിയൻ സർക്കാർ തൊഴിൽ, സുരക്ഷാ നിയമലംഘനങ്ങളുടെ പേരിൽ തടഞ്ഞുവെച്ച ചരക്കുകപ്പലിലെ ജീവനക്കാരുടെ കാര്യത്തിൽ  നടപടി സ്വീകരിച്ചു വരുന്നതായി റിപ്പോർട്ട്. രാജ്യാന്തര ഗതാഗത തൊഴിൽ ഫെഡറേഷനുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയൻ സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്.  ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനയിൽ നിന്ന് യാത്ര തിരിച്ച മറിയം എന്ന ചരക്കു കപ്പലാണ് ഓസ്‌ട്രേലിയയിലെ കെമ്പല തുറമുഖത്ത് തടഞ്ഞുവെച്ചത്.

കപ്പലിലെ പ്രധാന ജനറേറ്ററുകളിലൊന്ന് കേടായ അവസ്ഥയിലായിരുന്നു. എമർജൻസി ജനറേറ്റർ ഇന്ധനം തീർന്നതിനാൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. എയർകണ്ടീഷൻ ഉൾപെടെയുള്ളവ പ്രവർത്തിക്കുന്നില്ലെന്നും കുടിക്കാനാവശ്യമായ ശുദ്ധജലം കപ്പലിൽ ലഭ്യമായിരുന്നില്ലെന്നും ഗതാഗത തൊഴിൽ സംഘടന അറിയിച്ചു. ഈ സാഹചര്യത്തിൽ കപ്പലിലെ 23 ഓളം ജീവനക്കാർ നേരിടുന്ന തൊഴിൽ-സുരക്ഷാ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പൽ ഓസ്‌ട്രേലിയൻ അധികൃതർ തടഞ്ഞുവെച്ചത്. തുടർന്ന് ഓസ്‌ട്രേലിയൻ തുറമുഖ അധികൃതർ  ഗതാഗത തൊഴിൽ ഫെഡറേഷനെ വിവരം അറിയിക്കുകയും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഖത്തറിലെ അസ്വാൻ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.ആവശ്യത്തിന് ഇന്ധനമോ ഭക്ഷണമോ ഇല്ലാതെയാണ് കപ്പൽ സർവീസ് നടത്തിയിരുന്നതെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും രാജ്യാന്തര തൊഴിൽ ഫെഡറേഷൻ അറിയിച്ചു. ഖത്തറിലെ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള  രണ്ടാമത്തെ ചരക്കുകപ്പലാണ് നിയമലംഘനങ്ങളുടെ പേരിൽ ഓസ്ടേലിയൻ അധികൃതർ തടഞ്ഞുവെക്കുന്നത്.

Related News