ഖത്തറിലെ കൊവിഡ് വ്യാപനം: വെർച്വൽ ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് അധികൃതർ

  • 30/03/2021



ദോഹ: ഖത്തറിൽ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സന്ദർശിക്കുന്നത് പരമവധി കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് അധികൃതർ. നേരിട്ട് വന്ന് ഡോക്ടറെ കാണുന്നതിന് പകരം വെർച്വൽ സേവനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

'കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി ഹെൽത്ത് കെയർ ജീവനക്കാർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. ഗുരുതരവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യങ്ങളിൽ മാത്രമേ ആശുപത്രിയിലേക്ക് നേരിട്ട് എത്താൻ പാടുള്ളൂ. വെർച്വൽ കൺസൽറ്റേഷനുകൾ ഉപയോഗിച്ച് കൊണ്ട് നമ്മുടെ ആരോഗ്യ സംവിധാനത്തെ ജനങ്ങൾ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്.' -ഹമദ് മെഡിക്കൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു. അടിയന്തിര പരിചരണങ്ങൾക്കായുള്ള കൺസൽറ്റേഷൻ ഞായർ മുതൽ വ്യാഴ് വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ ലഭ്യമാണ്. 

24 മണിക്കൂറും പ്രവർത്തിക്കുന്ന 16000 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് ജനങ്ങൾക്ക് എല്ലാ സംശയങ്ങളും ദൂരീകരിക്കാം. കോൾ സെന്ററിൽ നിന്ന് ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും ഉത്തരം ലഭിക്കും. 

ഹോട്ട്‌ലൈൻ നമ്പറിൽ വിളിക്കുന്ന രോഗികൾ വെർച്വൽ കൺസൽറ്റേഷനായി മൂന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുത്താൽ ഡോക്ടറുമായി സംസാരിക്കാൻ കഴിയും. ഏത് വിഭാഗത്തിലേക്കാണ് രോഗിയെ അയക്കേണ്ടതെന്ന് ഈ സംസാരത്തിനൊടുവിൽ ഡോക്ടർ തീരുമാനിക്കും. 

വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള അടി.ന്തിര കൺസൽറ്റേഷൻ സേവനം ജീവന് ഭീഷണിയല്ലാത്ത ആരോഗ്യാവസ്ഥയുള്ളവർക്കു വേണ്ടിയുള്ളതാണ്. യൂറോളജി, ഓർത്തോപെഡിക്‌സ്, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇഎൻടി, ഡെർമറ്റോളജി, ന്യൂറോളജി, ഡെന്റൽ, ഹെമറ്റോളജി, മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, ജെറിയാട്രിക്‌സ്, പെയിൻ മാനേജ്‌മെന്റ് കാർഡിയോളജി, മാനസികാരോഗ്യം എന്നിവയ്ക്കായി ഇത് നിലവിൽ ലഭ്യമാണ്.

ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് മരുന്നുകൾ ഓർഡർ ചെയ്യാനും കഴിയും. ഇതിനായി നമ്പറിൽ വിളിച്ച ശേഷം ഭാഷ തെരഞ്ഞെടുത്ത് മൂന്ന് അമർത്തി എച്ച്.എം.സി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് അമർത്തിയാൽ മരുന്നുകൾ എത്തിച്ചു തരുന്ന സേവനം ലഭിക്കും. 

Related News