യാത്ര ആവശ്യങ്ങൾക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സർക്കാർ ആശുപത്രികളിൽ നിർത്തിവെയ്ക്കുന്നു

  • 04/04/2021

ദോഹ: യാത്ര ആവശ്യങ്ങൾക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സർക്കാർ ആശുപത്രികളിൽ തൽക്കാലം നിർത്തിവെക്കാൻ പോകുന്നതായി റിപ്പോർട്ട്. രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷന്റെ  (പി.എച്ച്‌.സി.സി) ആശുപത്രികളിൽ ഞായറാഴ്ച മുതൽ ഈ പരിശോധന ഉണ്ടാവില്ല. ഇതുസംബന്ധിച്ച്‌ അതത് ആശുപത്രികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തർ റെഡ്ക്രസൻറിൻറെ ഹെൽത്ത് സെൻററുകളിലും ഈ സേവനം നിർത്താനുള്ള സാധ്യതയുള്ളതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇനിമുതൽ കോവിഡ് ലക്ഷണങ്ങളുള്ളവർക്കു മാത്രം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. യാത്ര ആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധനക്ക് വരുന്നവരോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. നിലവിൽ 350 റിയാൽ മുതൽ 500 റിയാൽ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളിൽ വേണ്ടത്. ഈ തുക കുറക്കാനുള്ള സാധ്യതയും ഉണ്ട്. നിലവിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവർക്കും മുൻകൂട്ടിയുള്ള കോവിഡ് പരിശോധന നിർബന്ധമാണ്.

ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്.

Related News