പൂർണമായും കൊവിഡ് വാക്‌സിൻ എടുത്തവരുമായി പറന്ന് ഖത്തർ എയർവെയ്‌സ്

  • 06/04/2021

ദോഹ: പൂർണമായും കൊവിഡ് വാക്‌സിനെടുത്തവരുമായി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമെന്ന ബഹുമതി ഖത്തർ എയർവെയ്‌സിന്. ഇന്ന് രാവിലെ 11 മണിക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ക്യുആർ 6421 വിമാനം പറന്നുയർന്നത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും പൈലറ്റ് ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരാണ്. 

ഖത്തറിലെ വ്യാപാര മേഖലയിലെയും ട്രാവൽ ആന്റ് ടൂറിസം രംഗത്തെയും പ്രമുഖരുമാണ് എയർബസ് 3501000 പ്രത്യേക വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ കൂട്ടത്തിൽ ലുലു ഇന്റർനാഷനൽ ഗ്രൂപ്പ് ഡയറക്ടറും മലയാളിയുമായ മുഹമ്മദ് അൽത്താഫും ഉണ്ടായിരുന്നു. യാത്രയിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം തിരിച്ചെത്തി.

കൊവിഡ് മഹാമാരിയിൽ നിന്ന് ട്രാവൽ മേഖല മുക്തമാവുന്നതിന്റെ അടുത്ത ഘട്ടമാണ് ഈ യാത്രയെന്ന് ഖത്തർ എയർവെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബാക്കിർ പറഞ്ഞു. വിമാന യാത്രാമേഖലയ്ക്ക് ആത്മവിശ്വാസം പകരുന്നതിൽ മുന്നിൽ നിൽക്കാൻ ഖത്തർ എയർവെയ്‌സിന് കഴിഞ്ഞു. തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ വാക്‌സിൻ ലഭ്യമാക്കുന്നതിൽ സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related News