കൊറോണ രോഗികൾക്കുള്ള കുത്തിവയ്പ്പ് മരുന്നായ റെംഡെസിവറിന്റെ ഉൽപാദനം കേന്ദ്രം ഇരട്ടിയാക്കുന്നു

  • 19/04/2021

ന്യൂ ഡെൽഹി: കൊറോണ ബാധിതർക്ക് നൽകുന്ന ആന്റിവൈറൽ കുത്തിവയ്പ്പ് മരുന്നായ റെംഡെസിവറിന്റെ ഉൽപാദനം കേന്ദ്രസർക്കാർ ഇരട്ടിയാക്കുന്നു. 15 ദിവസത്തിനകം പ്രതിദിനം മൂന്നുലക്ഷം കുപ്പികളായി ഉൽപാദനം ഉയർത്താനാണ് ശ്രമമെന്നു കേന്ദ്ര സഹമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. 

റെംഡെസിവർ കുത്തിവയ്പ്പിന്റെ ഉത്പാദനം വർധിപ്പിക്കാനും അതിന്റെ വില കുറയ്ക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. നിലവിൽ ഞങ്ങൾ പ്രതിദിനം 1.5 ലക്ഷം കുപ്പികൾ ഉത്പാദിപ്പിക്കുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ ഇത് പ്രതിദിനം 3 ലക്ഷം കുപ്പികളാക്കി ഇരട്ടിയാക്കും- അദ്ദേഹം പറഞ്ഞു. 

ഇത് കൊറോണ ചികിൽസയ്ക്കായി വേഗത്തിൽ ലഭ്യമാക്കും. നിലവിലുള്ള 20 പ്ലാന്റുകളിൽനിന്ന് ഉൽപാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകൾക്ക് അനുമതിയും നൽകി. കൊറോണ വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും മരുന്നിന് ക്ഷാമമായിട്ടുണ്ട്. റെംഡെസിവർ ഇൻജക്ഷന്റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്ന് കയറ്റുമതിയും കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്.

ഫാർമസ്യൂട്ടിക്കൽ കമ്പനികളായ കാഡില ഹെൽത്ത് കെയർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല എന്നിവർ റെഡെസിവറിന്റെ ബ്രാൻഡുകളുടെ വില കുറച്ചതായി എൻപിപിഎ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റെഡിഎക്‌സിന്റെ വില നേരത്തെ 5,400 രൂപയായി കുറച്ചിരുന്നു. ഇപ്പോൾ ഇത് 2,700 രൂപയായി. അതുപോലെ, സിപ്ല അതിന്റെ സിപ്രെമി ബ്രാൻഡിന്റെ എംആർപി നേരത്തെ 4,000 രൂപയിൽനിന്ന് 3,000 രൂപയായി കുറച്ചിരുന്നു.

Related News