ഇന്ത്യയിലെ ആശുപത്രികൾക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഖത്തർ; പക്ഷെ ക്രയോജനിക്​ ടാങ്ക് വേണം

  • 26/04/2021

ദോഹ: കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലെ ആശുപത്രികൾക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഖത്തർ പെട്രോളിയത്തിന് കീഴിലുള്ള ഗസാൽ കമ്പനി ഇന്ത്യക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് അറിയിച്ചതായി മുൻ ഐസിസി പ്രസിഡന്റ് കെ.ഗിരീഷ് കുമാർ പറഞ്ഞു.

ഒരു ദിവസം 60 ടൺ ദ്രവീകൃത ഓക്സിജൻ നൽകാമെന്ന് ഗസാൽ കമ്പനിയുടെ ഉന്നത തല മേധാവി റിച്ചാർഡ് അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ  ഓക്സിജൻ എത്തിക്കാൻ അവർക്ക് കഴിയും. ഇതിനായി 20,000 ലിറ്റർ കപ്പാസിറ്റിയുള്ള മൂന്ന് ഐസോ ടാങ്കുകൾ ആവശ്യമാണ്," ഗിരീഷ് കുമാർ പറഞ്ഞു.

ടാങ്കുകൾ അയക്കാനായി നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്രമന്ത്രി വി.കെ സിങുമായി ഗിരീഷ്​ കുമാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ക്രയോജനിക്​ ടാങ്കുകൾ ലഭ്യമല്ലെന്ന വിവരമാണ്​ ഒടുവിൽ ലഭിച്ചിരിക്കുന്നത്​. ഇക്കാര്യം ആവശ്യപ്പെട്ട്​ ഖത്തർ ഇന്ത്യൻ അംബാസഡർക്കും ഗിരീഷ്​ കുമാർ മെയിൽ അയച്ചിട്ടുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ ഖത്തറിലെയും ബംഗളൂരുവിലെയും ഇന്ത്യൻ സംഘവുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന്​ കമ്പനി അധികൃതരും പറയുന്നു.

ഖത്തറിലെ പെട്രോ കെമിക്കൽ പ്ലാന്റുകൾക്കാവശ്യമായ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഗസാൽ. ഓക്‌സിജൻ, നൈട്രജൻ, ഹൈഡ്രജൻ, ആർഗോൺ തുടങ്ങിയവയാണ് സ്റ്റീൽ, ഓയിൽ, ഗ്യാസ് പ്ലാന്റുകൾക്കു വേണ്ടി കമ്പനി ഉത്പാദിപ്പിക്കുന്ന ഗ്യാസുകൾ. മെസഈദ്, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റികളിലാണ് കമ്പനിയുടെ പ്ലാന്റുകൾ.

സൗദി അറേബ്യയും ഇന്ത്യക്ക് ഓക്സിജൻ നൽകുന്നുണ്ട്. 80 മെട്രിക് ടൺ ദ്രാവക രൂപത്തിലുള്ള ഓക്സിജൻ സൗദി ഇന്ത്യക്ക് നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കയടക്കം മറ്റു പല ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം നൽകാൻ തായ്യാറായിട്ടുണ്ട്.

Related News