300 ടൺ സഹായവസ്തുക്കളുമായി ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

  • 03/05/2021

ഖത്തർ: ഇന്ത്യയിലേക്കുള്ള സഹായ വസ്തുക്കളുമായി ഖത്തർ എയർവേയ്‌സ് പുറപ്പെട്ടു. മെഡിക്കൽ ഉപകരണങ്ങളുൾപ്പെടെയുള്ള 300 ടൺ സഹായ വസ്തുക്കളാണ് കൊണ്ടുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച 300 ടൺ സഹായ വസ്തുക്കളുമായി മൂന്ന് ഖത്തർ എയർവേയ്‌സ് കാർഗോ വിമാനങ്ങൾ പുറപ്പെട്ടതായി ഖത്തർ അധികൃതർ അറിയിച്ചു.

നൂറ് ടൺ വീതം മൂന്ന് വിമാനങ്ങളിലായി മൂന്ന് നഗരങ്ങളിലായാണ് എത്തിക്കുക. ഡൽഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്കാണ് വസ്തുക്കളെത്തിക്കുന്നത്. ഖത്തർ എയർവേയ്‌സിന്റെ വി കെയർ പദ്ധതിക്ക് കീഴിലാണ് ഇന്ത്യക്കുള്ള കോവിഡ് ദുരിതാശ്വാസ സഹായവിതരണം നടപ്പാക്കുന്നത്. പിപിഇ കിറ്റ്, ഓക്‌സിജൻ കാനിസ്റ്ററുകൾ, മറ്റ് അവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ വ്യക്തികളും കമ്ബനികളും സംഭാവന ചെയ്ത ധനസഹായവും ഇതിൽ ഉൾപ്പെടും.

ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേകിർ, ഖത്തർ ഇന്ത്യൻ സ്ഥാനപതി ഡോ ദീപക് മിത്തൽ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളിൽ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും അക്ബർ അൽ ബേകിർ പറഞ്ഞു.

Related News