കൊറോണ : ഇന്ന് പരിശോധന മുബാറക് അൽ കബീർ ഗവർണറേറ്റിൽനിന്നുള്ളവർക്ക്‌

  • 13/03/2020

ഫെബ്രുവരി 27 ന് ശേഷം കുവൈത്തിൽ മടങ്ങിയെത്തിയ പ്രവാസികൾ സിവിൽ ഐഡിയും പാസ്പോർട്ടുമായി ഗവര്ണറേറ്റുകൾക്കായി നിശ്ചയിച്ച ദിവസങ്ങളിൽ മിഷ്റിഫ് ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ 6 ൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം കഴിഞ്ഞദിവസം ജനങ്ങളെ അറിയിച്ചിരുന്നു , അതുപ്രകാരം ഇന്ന് ആയിരക്കണക്കിനാളുകളാണ് രാവിലെ മുതൽ മിഷ്റിഫ് ഫെയർ ഗ്രൗണ്ടിലെത്തിയത്, ഒരുരുത്തരുടെയും സിവിൽ ഐഡിയും പാസ്സ്പോര്ട്ടും പരിശോധിച്ചശേഷം തുടർ മെഡിക്കൽ പരിശോധനക്കായുള്ള നടപടികൾക്ക് വിധേയരാക്കും. മുബാറക് അൽ കബീർ ഗവർണറേറ്റിൽ നിന്നുള്ള ആയിരക്കണക്കിന് ഈജിപ്ഷ്യൻ, സിറിയൻ, ലെബനൻ പൗരന്മാരാണ് ഇന്ന് പരിശോധനക്കായി എത്തിയത് , ഇന്ത്യക്കാരെ തൽക്കാലത്തേക്ക് ഈ ടെസ്റ്റിൽനിന്നൊഴിവാക്കിയത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഒരാശ്വാസമാണ്.

70 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്താനും പരിശോധിക്കാനുമായി നിലകൊള്ളുന്നത്. എക്സിബിഷൻ ഹാൾ 6 ന് സമീപമുള്ള സുരക്ഷാ നടപടിക്രമങ്ങൾ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് അൽ കന്ദരിയുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. അതോടൊപ്പം ഇന്നലെ നടത്തിയ പരിശോധനകൾ എല്ലാം നെഗറ്റിവ് ആണെന്നും അവർ വ്യക്തമാക്കി. പരിശോധനകൾക്കായെത്താത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു.

Related News