കൊറോണ വൈറസ് പ്രതിരോധ നടപടികൾ ; രാജ്യസേവനത്തിൽ അണിനിരന്ന എല്ലാവരുടെയും ശ്രമങ്ങളെ പ്രശംസിച്ച് അമീർ ഷെയ്ഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ സബ.

  • 22/03/2020

കുവൈത്ത് സിറ്റി: കോവിഡ് പകര്ച്ചവ്യാധി പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ രാജ്യസേവനത്തിൽ അണിനിരന്ന എല്ലാവരുടെയും ശ്രമങ്ങളെ പ്രശംസിച്ച് കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ സബ. ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ . പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും മൂന്നര ലക്ഷത്തിലധികം പേർ രോഗബാധിതരാകുകയും ചെയ്ത ആഗോള പകർച്ചവ്യാധി നിർഭാഗ്യവശാൽ കുവൈത്തിനെയും ശക്തമായി ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമീർ ആത്മാര്ഥമായി അഭിനന്ദിച്ചു. കുവൈറ്റ് പൗരന്മാരും വിദേശത്തുള്ള വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും ആരോഗ്യപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി രാജ്യത്തേക്കുള്ള അവരുടെ യാത്രകൾ എളുപ്പമാക്കാനും ബന്ധപ്പെടാൻ രാജ്യത്തിലെ വിവിധ മന്ത്രാലയങ്ങളോട് നിർദ്ദേശിച്ചതായി ഹൈനസ് അമീർ ഷെയ്ഖ് സബ പറഞ്ഞു. ഈ സന്നിഗ്ദ ഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിന്നവരുടെ ശ്രമങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തോടപ്പം നിന്ന പാർലിമെന്റിനെയും സ്പീക്കറെയും അവരുടെ പ്രവർത്തനങ്ങളെയും അമീർ ശ്ലാഘിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. നിലവിലെ സാഹചര്യം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടിക്കണ്ട് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം സ്വീകരിച്ച നടപടികളിൽ അഭിമാനമുണ്ട്. ഇത് ജനങ്ങൾ ഐക്യദാർഡ്യം പ്രകടിപ്പിക്കേണ്ട സാഹചര്യമാണെന്നും അമീർ പറഞ്ഞു. സ്വദേശികളും വിദേശികളുമായ മുഴുവൻ രാജ്യനിവാസികളുടെയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യം പ്രതിസന്ധിയിലൂടെ പോകുന്ന ഈ ഗുരുതരമായ സാഹചര്യത്തില് ജനങ്ങള് ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

Related News