പിരിച്ചുവിട്ട ജീവനക്കാരെ തിരികെ വിളിച്ച് ഖത്തർ എയർവെയ്‌സ്

  • 31/05/2021

ദോഹ : ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടികൾ തുടങ്ങിയതായി ഖത്തർ എയർവെയ്‌സ് സി.ഇ.ഓ അക്ബർ അൽ ബേക്കർ പറഞ്ഞു. കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷൻ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിൻ ജീവനക്കാരെയും വീണ്ടും നിയമിക്കാൻ തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.സിമ്പിൾ ഫ്ലയിങ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് ഏവിയേഷൻ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന്  പല ജീവനക്കാരെയും പിരിച്ചുവിടേണ്ടി വന്നുവെന്നും  വളരെ ദു:ഖത്തോടെയാണ് കമ്പനി ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

' പ്രതിസന്ധി തരണം ചെയ്‌താൽ എല്ലാവരെയും തിരികെവിളിക്കുമെന്ന് അന്ന് ഞാൻ വാക്ക് കൊടുത്തിരുന്നു. ഇപ്പോൾ അതിന് സാധിക്കുന്നു എന്നതിൽ സന്തോഷമുണ്ട്' - അദ്ദേഹം പറഞ്ഞു.

അതേസമയം, എല്ലാ ഡിപ്പാർട്മെന്റുകളിലേക്കും നിയമനം നടക്കുന്നില്ലെന്നും  അത്യാവശ്യമല്ലാത്ത ചില വിഭാഗങ്ങളിൽ ഇനി നിയമനം നടക്കാൻ സാധ്യതയില്ലെന്നും  അൽ ബേക്കർ കൂട്ടിച്ചേർത്തു.

Related News