ഖത്തറിലെത്തുന്ന യാത്രക്കാരെ സൗജന്യ റാൻഡം കൊവിഡ് ടെസ്റ്റിന് വിധേയരാക്കും

  • 04/06/2021

ദോഹ: വിദേശ രാജ്യങ്ങളിൽ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തുന്ന യാത്രക്കാരിൽ നിന്ന് ഒരു ചെറുവിഭാഗത്തെ എയർപോർട്ടിൽ വച്ച്‌ റാൻഡം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാരിൽ ഏതാനും ചിലരെ തിരഞ്ഞെടുത്ത് സൗജന്യമായി കൊവിഡ് പരിശോധന നടത്താനാണ് പദ്ധതി. യാത്രക്കാരുടെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രക്കാരിൽ ആരു വേണമെങ്കിലും കൊവിഡ് ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെടാം. യാത്രയ്ക്ക് മുമ്ബ് കൊവിഡ് പിസിആർ പരിശോധന നടത്തിയ ശേഷം വരുന്നവരെയും റാൻഡം ടെസ്റ്റിന് വിധേയരാക്കും.
പരിശോധനയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എയർപോർട്ടിലുള്ള മെഡിക്കൽ സംഘം ടെർമിനലിനകത്തു വച്ച്‌ അക്കാര്യം അറിയിക്കും. പരിശോധന സൗജന്യമായിരിക്കുമെന്നും ഏതാനും മിനിറ്റുകൾ മാത്രമേ പരിശോധനയ്ക്കായി എടുക്കുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

പരിശോധന കഴിഞ്ഞാൽ എയർപോർട്ടിൽ നിന്ന് പുറത്തു കടക്കാം. ടെസ്റ്റ് ഫലം വരുന്നതുവരെ ഇഹ്തിറാസ് ആപ്പിൽ പച്ച തന്നെയായിരിക്കും കാണിക്കുക. 24 മണിക്കൂറിനകം പരിശോധനാ ഫലം എസ്‌എംഎസ് ആയി ലഭിക്കും. ഫലം പോസിറ്റീവ് ആകുന്നവരെ തുടർ നടപടികൾക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു.

Related News