മാലിന്യ നിർമാർജനം ; പേൾ ഖത്തറിൽ 10 സീ ബിന്നുകൾ സ്ഥാപിച്ചു

  • 07/06/2021

ദോഹ: കടലിനെ മാലിന്യമുക്തമാക്കുകയും സമുദ്ര ജീവികളെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെപേൾ ഖത്തർ കടലിൽ 10 മാലിന്യക്കൊട്ടകൾ സ്ഥാപിച്ചു. ഖത്തറിലെ യുനൈറ്റഡ് ഡവലപ്മെന്റ് കമ്പനി (യുഡിസി) പോർട്ടോ അറേബ്യ മറീനയിലാണ് വ്യത്യസ്ത ഇടങ്ങളിലായി മാലിന്യങ്ങൾ സ്വമേധയാ ശേഖരിക്കുന്നതിനായി സീ ബിന്നുകൾ സ്ഥാപിച്ചത്.

കടലിലൂടെ ഒഴുകിവരുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ, എണ്ണ തുടങ്ങിയ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ മാലിന്യക്കൊട്ടകൾ ശേഖരിക്കും. റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ഓരോ കൊട്ടകളിലും 20 കിലോഗ്രാം വരെ ഉൾക്കൊള്ളാനാവും.

ദിവസേന 4 കിലോഗ്രാം വരെ ഒഴുകുന്ന മാലിന്യങ്ങൾ ശേഖരിക്കാനും 20 ലക്ഷം ലിറ്റൽ ജലം അരിച്ചെടുക്കാനും ഇതിന് ശേഷിയുണ്ട്. ഇതിലൂടെ പ്രതിവർഷം 1.4 ടൺ ഒഴുകുന്ന മാലിന്യം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. 90,000 പ്ലാസ്റ്റിക് ബാഗുകൾ, 11,900 പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, 50,000 വാട്ടർ ബോട്ടിലുകൾ, 35,700 ഡിസ്പോസിബിൾ കപ്പുകൾ, 1,17,600 പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയ്ക്ക് തുല്യമാണിത്.

Related News