നാൻസി താക്കീത് ചെയ്തു; ഒമർ പ്രസ്താവന പിൻവലിച്ചു

  • 11/06/2021

വാഷിംഗ്ടൺ ഡിസി : അമേരിക്ക, ഇസ്രയേൽ, അഫ്ഗാനിസ്ഥാൻ, ഹമാസ്, താലിബാൻ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പ്രസ്താവനയെ തുടർന്ന് സഹപ്രവർത്തകരായ ഡമോക്രാറ്റുകൾ തന്നെ ആക്ഷേപിച്ച്‌ നിശബ്ദയാക്കാൻ ശ്രമിക്കുന്നുവെന്ന ഒമറിൻറെ പരാമർശത്തെ നിശിതമായി വിമർശിച്ച്‌ നാൻസി പെലോസി.

മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ക്രൂരതകൾക്കും അനീതിക്കും എതിരെ തുല്യനീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മിനിസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമാ‍യ ഒമർ, സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന് അയച്ച ട്വിറ്റർ സന്ദേശം അയച്ചിരുന്നു. ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ക്രൂരതകളാണ് അമേരിക്കയും ഹമാസും ഇസ്രയേലും അഫ്ഗാനിസ്ഥാനും താലിബാനും നടത്തുന്നതെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു. അമേരിക്ക, ഇസ്രയേൽ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹമാസ്, താലിബാൻ തുടങ്ങിയ ഭീകര സംഘടനകളുമായി തുലനം ചെയ്തതാണ് നാൻസിയെ പ്രകോപിപ്പിച്ചത് .

ഭീകര സംഘടനകൾ എന്ന് അമേരിക്ക ലിസ്റ്റ് ചെയ്തിരിക്കുന്ന ഹമാസ് , താലിബാൻ എന്നീ സംഘടനകളുമായി അമേരിക്ക, ഇസ്രയേൽ രാഷ്ട്രങ്ങളെ കാണുന്ന ഒമറിൻറെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധവും ഉയർന്നിരുന്നു.

സംഭവങ്ങളുടെ ഗൗരവം മനസിലാക്കിയ ഒമർ പിന്നീട് തൻറെ പ്രസ്താവന പിൻവച്ച്‌, താൻ അമേരിക്കയ്ക്കും ഇസ്രയേലിനും ധാർമിക ഉത്തരവാദിത്വം ഉണ്ടെന്നാണ് അർഥമാക്കിയതെന്ന് വിശദീകരിച്ചു . പെലോസി ഉമറിൻറെ പുതിയ വിശദീകരണത്തെ സ്വാഗതം ചെയ്തു.

Related News