മത്സരം മുറുകും, ഖത്തർ എയർവെയ്സുമായി മത്സരിക്കാൻ സൗദിയിൽ പുതിയ വിമാനക്കമ്പനി

  • 03/07/2021


ദോഹ: കോവിഡ് മഹാമാരി വ്യോമയാന മേഖലയിലുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി അറേബ്യ പുതിയ വിമാനക്കമ്പനിക്ക് രൂപം നൽകുന്നു. ഗൾഫ് മേഖലയിലെ പ്രധാന വിമാന കമ്പനികളായ ഖത്തർ എയർവെയ്‌സും എമിറേറ്റ്സുമായും മത്സരിക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ വിമാന കമ്പനിക്ക് രൂപം നൽകുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിരീടാവകാശി മുഹമ്മ്ദ ബിൻ സൽമാനാണ് പുതിയ വിമാനം തുടങ്ങുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.സൗദി യെ ആഗോള ലൊജിസ്റ്റിക് ഹബ് ആയി വളർത്തുന്നതിനായി ആവിഷ്‌കരിക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് വിമാന കമ്പനി തുടങ്ങുന്നത്.

പുതിയ വിമാന കമ്പനികൂടി വരുന്നതോടെ വ്യോമഗതാഗത്തിൽ ലോകത്ത് അഞ്ചാംസ്ഥാനത്തേക്ക് ഉയരുന്നതിനാണ് സൗദി ലക്ഷ്യംവെക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, വിമാന കമ്പനി തുടങ്ങുന്ന സമയമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. എണ്ണയിതര വരുമാനം വർധിപ്പിച്ച് സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെ രാജ്യത്തെ മികച്ച അറബ് സമ്പദ് ശക്തിയാക്കാനാണ് സൽമാൻ ബിൻ മുഹമ്മദ് ശ്രമിച്ചു വരുന്നത്. 2030ഓടെ സൗദിയുടെ എണ്ണയിതര വരുമാനം 45 ബില്യൻ റിയാൽ ആക്കി ഉയർത്തുകയാണ് ഉന്നം.

ഗ്ലോബൽ ലൊജിസ്റ്റിക് ഹബ് ആകാനുള്ള പദ്ധതി നടപ്പിലാക്കുമ്പോൾ തുറമുഖങ്ങൾ, റെയൽ-റോഡ് ശൃംഖല എന്നിവയും വികസിപ്പിക്കേണ്ടിവരും. ഇത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങളും വികസനവുമുണ്ടാക്കും. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വരുമാനത്തിൽ ഗതാഗത, ലൊജിസ്റ്റിക് മേഖലയുടെ വിഹിതം ആറിൽനിന്ന് 10 ശതമാനമായി ഉയർത്തുമെന്നും റിപ്പോർട്ട് പറയുന്നു.

Related News