യുഎഇയുടെ നിലപാടുകൾക്കെതിരെ അറബ് ലോകത്ത് കടുത്ത വിമർശങ്ങളും ഹാഷ് ടാഗുകളും

  • 03/07/2021

ദോഹ: ഖത്തറിനെതിരായ ഉപരോധം നീങ്ങിയെങ്കിലും ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഇപ്പോഴും അസ്വാരസ്യങ്ങൾ തുടരുകയാണ്. യുഎഇയുടെ നിലപാടുകൾക്കെതിരെ ഗൾഫ് രാജ്യങ്ങളിലും അറബ് ലോകത്തും ഉയരുന്ന വിമർശനങ്ങളാണ് ഇപ്പോൾ വാർത്തയാവുന്നത്. അബുദാബിയിൽ ഇസ്രയേലി എംബസി തുറക്കാനുള്ള തീരുമാനവും ഖത്തർ വിരുദ്ധ നീക്കങ്ങളുമാണ് ഇപ്പോഴത്തെ വിമർശത്തിന്റെ പ്രധാന കാരണങ്ങളെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എ.ഇയെ ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്തുകൊണ്ടുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള പ്രചാരണമാണ് ഇതിനകം ഹിറ്റായിരിക്കുന്നത്.

ഖത്തറിനെ ഭീകരതയെ പിന്തുണക്കുന്ന രാജ്യമാക്കി ചിത്രീകരിക്കുന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് വിവാദമായിരുന്നു. യു.എ.ഇ സാമ്പത്തിക സഹായത്തോടെ നിർമിച്ചതായിരുന്നു ഹോളിവുഡ് സിനിമ. ഒരു ടുണീഷ്യൻ പാർലിമെന്റേറിയൻ നടത്തിയ ഖത്തറിനെതിരായ പ്രചാരണവും യുഎഇക്കു വേണ്ടിയുള്ളതാണെന്നും വിമർശകർ പറയുന്നു. നിരവധി ട്വീറ്റുകളാണ് യുഎഇക്കെതിരെ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടത്.

ലോകത്താകെയുള്ള അറബ് മുസ്ലിം പൊതുപ്രവർത്തകരുടെ നേതൃത്വത്തിലാണ് യുഎഇക്കെതിരെ ബഹിഷ്‌കരണ കാംപയിൻ നടക്കുന്നതെന്നും മുസ്ലിംകൾ യുഎഇയുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും ആ രാജ്യവുമായി സാമ്പത്തികമായ ഇടപാടുകളും ധാർമികമായ പിന്തുണയും അവസാനിപ്പിക്കണമെന്നും സയണിസ്റ്റ് രാജ്യത്തിന് എംബസി തുറക്കാൻ അനുവാദം നൽകിയ രാജ്യവുമായി സമ്പർക്കം പുലർത്തരുതെന്നും ഒരാൾ ട്വിറ്ററിൽ എഴുതി.

യുഎഇ ഇസ്രയേലിനൊപ്പം ചേർന്ന് അറബ് സമൂഹത്തോട് യുദ്ധം ചെയ്യുകയാണെന്ന് മറ്റൊരാൾ ട്വിറ്ററിൽ പ്രതികരിച്ചു. ഇസ്രയേലിന്റെ പുതിയ വിദേശകാര്യമന്ത്രി യാസിർ ലാപിഡിനെ യുഎഇയിലെ ഇസ്രയേൽ എംബസി ഉദ്ഘാടനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവയം യുഎഇ സ്വാഗതം ചെയ്തിരുന്നു. ഗൾഫിലെ ആദ്യത്തെ ഇസ്രയേൽ എംബസിയാണിത്. സിൽവാനിൽ ഫലസ്തീൻ കെട്ടിടങ്ങൾ ഇസ്രയേൽ അനധികൃതമായി പൊളിച്ചുനീക്കിക്കൊണ്ടിരിക്കേയാണ് യുഎഇയിൽ ഇസ്രയേൽ എംബസി തുറക്കുന്നത്. ബഹ്‌റൈനും മൊറോക്കോക്കുമൊപ്പമാണ് ഇസ്രയേൽ എംബസി തുറക്കുന്നതും നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ചത്. സുഡാനും പിന്നീട ഈ രിതി സ്വീകരിച്ചു.

Related News