ഖത്തറിൽ യാത്രാ നിയന്ത്രണങ്ങൾക്കുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ; ഇന്ത്യക്കാർക്കും നിബന്ധനകളോടെ പ്രവേശനം

  • 09/07/2021

ദോഹ: ഖത്തറിലേക്ക് എത്തുന്നവരുടെ യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഖത്തർ ആരോഗ്യമന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇത് പ്രകാരം റെഡ് കാറ്റഗറിയിൽ പെടുന്ന ഇന്ത്യയിൽ നിന്നുള്ളവർക്കും നിബന്ധനകളോടെ രാജ്യത്ത് പ്രവേശിക്കാം.

റെഡ് കാറ്റഗറി രാജ്യത്ത് നിന്ന് വരുന്നവരാണെങ്കിലും പൂർണമായി വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ നൽകുന്നതാണ് പ്രഖ്യാപനം. ജൂലൈ 12 മുതൽ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വിമാന കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും ഇതുമായി ബന്ധപ്പെട്ട സർക്കുലർ നൽകിയതായും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന് പുറമെ വാക്സിൻ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇന്ത്യ ഉൾപ്പെടെ 94 രാജ്യങ്ങളെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ഏഷ്യൻ രാജ്യങ്ങളായ പാകിസ്താൻ, ബ്ംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളും ഈ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ 88 രാജ്യങ്ങൾ യെല്ലോ വിഭാഗത്തിലും 30 രാജ്യങ്ങൾ ഗ്രീൻ പട്ടികയിലും ഉൾപ്പെടുന്നു. ഗ്രീൻ പട്ടികയിൽ കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണ്.

ഖത്തറിൽ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്സിൻ പൂർണമായി എടുത്തവർക്കും ഖത്തറിൽ താമസിക്കവെ ഒൻപത് മാസത്തിനിടെ കൊറോണ വന്ന് ഭേദമായവർക്കും ക്വാറന്റൈൻ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാർക്കും ക്വാറന്റൈൻ ഇളവ് ലഭിക്കും. അതേസമയം, ഖത്തറിന് പുറത്ത് ഏതെങ്കിലും ജിസിസി രാജ്യത്തു നിന്നാണ് കൊറോണ ഭേദമായി വന്നതെങ്കിൽ അവർ ഖത്തർ അംഗീകരിച്ച ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്വാറന്റൈൻ ഇളവ് ലഭ്യമാവും.

ഖത്തറിൽ നിലവിൽ വിതരണം ചെയ്യുന്ന വാക്സിനുകളായ ഫൈസർ ബയോൺടെക്, മോഡേണ, കോവിഷീൽഡ്, ജോൺസൺ ആന്റ് ജോൺസൺ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കും ഉപാധികളോടെ ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. സിനോഫാം, സിനോവാക് വാക്‌സിൻ എന്നിവയുടെ രണ്ട് ഡോസും എടുത്തവർ ഖത്തറിൽ എത്തിയാൽ അവർ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ശരീരത്തിൽ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തുന്നത് വഴി ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാൽ അവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കിൽ വരുന്ന രാജ്യത്തിന്റെ കാറ്റഗറി അനുസരിച്ചുള്ള ക്വാറന്റൈൻ വ്യവസ്ഥകൾ അവർക്ക് ബാധകമാണ്.

Related News