കോവിഡ്​ നിയന്ത്രണ ഇളവുകൾ ; കുട്ടികൾക്ക്​ ക്വാറൻറീൻ ഒഴിവാക്കാൻ തീരുമാനം

  • 11/07/2021


ദോഹ: രാജ്യത്ത് ജൂലായ് 12ന്​ പ്രാബല്യത്തിൽ വരുന്ന കോവിഡ്​ യാത്രാ നയങ്ങളിൽ ഇളവുകൾ വരുത്തി ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ നിർദേശങ്ങൾ. മന്ത്രാലയത്തിന്റെ പുറത്തിറക്കിയ നിർദേശങ്ങൾ അനുസരിച്ച്‌ 17വരെ പ്രായമുള്ള കുട്ടികൾക്ക്​ ഹോട്ടൽ ക്വാറൻറീൻ പൂർണമായും ഒഴിവാക്കാൻ തീരുമാനമായി.

നേരത്തേ 11 വരെ പ്രായമുള്ള കുട്ടികൾക്ക്​ മാതാപിതാക്കൾ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ, 12 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾ വാക്​സിൻ സ്വീകരിക്കാത്തവരാണെങ്കിൽ അവർക്ക്​ 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന . ഇതാണ്​ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ അധികൃതർ മാറ്റം വരുത്തിയത് .

ഇതനുസരിച്ച്‌ ഇന്ത്യ അടക്കമുള്ള റെഡ്​ലിസ്​റ്റഡ്​ രാജ്യങ്ങളിൽനിന്നും വരുന്ന 18നു​ താഴെ പ്രായമുള്ള കോവിഡ് വാക്​സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക്​ മാതാപിതാക്കൾ വാക്​സിനേറ്റഡ്​ ആണെങ്കിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഇവർ 10 ദിവസത്തെ ഹോം ക്വാറൻറീൻ പാലിക്കണം. കുട്ടികൾ തനിച്ചോ, രക്ഷിതാക്കൾക്കൊപ്പം വരുമ്ബോഴോ ആണ് പുതിയ ചട്ടം. കേരളത്തിൽ നിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന നിരവധി രക്ഷിതാക്കൾക്ക്​ ആശ്വാസം നൽകുന്നതാണ്​ പുതിയ ഇളവുകൾ.

അതെ സമയം ‘ യെല്ലോ ‘ ലിസ്​റ്റിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന 17 വയസ്സുവരെ പ്രായമുള്ളവർക്ക്​ ഏഴു ദിവസ ഹോം ക്വാറൻറീനിൽ കഴിയണം. റെഡ്​ ലിസ്​റ്റ്​​ രാജ്യങ്ങൾക്ക്​ ഇത്​ 10 ദിവസമാണ്​. അതെ സമയം ഖത്തറിൽനിന്ന്​ രണ്ടാം ഡോസ്​ സ്വീകരിച്ച്‌​ 14 ദിവസം പൂർത്തിയാവാത്ത യാത്രക്കാർക്ക്​ ഹോം ക്വാറൻറീൻ മതിയാവും. ഏഴു​ ദിവസമോ അല്ലെങ്കിൽ രണ്ടാം ഡോസെടുത്ത്​ 14 ദിവസം പൂർത്തിയാവുന്നത്​ വരെയോ ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദ്ദേശം .

ഇവയിൽ ഏതാണോ ആദ്യം പൂർത്തിയാവുന്നത്​ അതിനനുസരിച്ച്‌​ പുറത്തിറങ്ങാൻ കഴിയും. വാക്​സിൻ പുർത്തീകരിച്ച ഒരാൾക്കൊപ്പം എത്തുന്ന വാക്​സിൻ എടുക്കാത്ത 75നു​ മുകളിൽ പ്രായമുള്ളയാൾക്ക്​ അതേ വീട്ടിൽ ഹോം ക്വാറൻറീൻ മതിയാവും. അതെ സമയം വാക്​സിനെടുത്ത ഭർത്താവിനൊപ്പമോ, ഒരേ വീട്ടിൽ താമസിക്കുന്ന ബന്ധുവിനൊപ്പമോ ഖത്തറിലെത്തുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക്​ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്നാണ് വിവരം .

Related News