അവധിക്കാല വീടുകൾ ഹോട്ടലുകളായി വാടകയ്ക്ക് നൽകാൻ അനുമതി നൽകി ഖത്തർ

  • 15/07/2021


ദോഹ: രാജ്യത്തെ ടൂറിസം വികസനത്തിന്റെ ഭാഗമായി അവധിക്കാല വീടുകൾ ഹോട്ടലുകളായി പരിഗണിക്കുന്നതിനുള്ള കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഫിഫ ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള അവസരങ്ങൾ മുന്നിൽക്കണ്ടാണ് ടൂറിസം മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഈ നടപടി. രാജ്യത്ത് കുടുംബത്തോടൊപ്പവും അല്ലാതെയും എത്തുന്ന വിദേശികൾക്ക് ഗൃഹാന്തരീക്ഷത്തിലുള്ള താമസ സൗകര്യം ഒരുക്കുകയെന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. സ്വന്തം വീട്ടിലെന്ന പോലെ ടൂറിസ്റ്റുകൾക്ക് താമസിക്കാൻ ഈ തീരുമാനം അവസരമൊരുക്കും.

താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെട്ട ഫർണിഷ് ചെയ്ത വീടുകളാണ് അവധിക്കാല വീടുകളായി കണക്കാക്കുക. ഇത്തരം മുറികൾ, അപാർട്ട്‌മെന്റുകൾ, വില്ലകൾ, വീടുകൾ, ക്യാമ്പുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പൂർണമായോ ഭാഗികമായോ ഇവ വാടകയ്ക്ക് നൽകാം.

Related News