ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

  • 23/07/2021

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാരുടെ പി.സി.ആര്‍ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനെടുത്ത യാത്രക്കാരുടെ പരിശോധനയാണ് ഇങ്ങനെ മാറ്റിയത്.

നേരത്തെ വിമാനത്താവളത്തില്‍ തന്നെ പരിശോധനാ നടത്താനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തിയില്ല. പകരം യാത്രാ രേഖകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ച് നല്‍കിയ ശേഷം 36 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയി പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.  വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറുന്നുമുണ്ട്.

പെരുന്നാള്‍ അവധിയായതിനാല്‍ ഇപ്പോള്‍‌ 18 കേന്ദ്രങ്ങളിലാണ് കൊവിഡ് പിസിആര്‍ പരിശോധന നടത്തുന്നത്. അവധി ദിവസങ്ങള്‍ക്ക് ശേഷം 27 സെന്ററുകളില്‍ പരിശോധന പുനഃരാരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. 300 റിയാലാണ് പരിശോധനയ്‍ക്ക് ഫീസ് ഈടാക്കുന്നത്.

Related News