ഖത്തറിൽ 20 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിനെടുത്തതായി ആരോഗ്യ മന്ത്രാലയം

  • 28/07/2021



ദോഹ: ഖത്തറിലെ കൊവിഡ് വാക്സിനേഷന്‍ നിര്‍ണായകമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. രാജ്യത്ത് 20 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും ഇതിനോടകം എടുത്ത് കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 20,13,080 പേര്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും എടുത്തവരാണ്. ആകെ 37,08,551 ഡോസുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. 16,95,471 പേര്‍ രണ്ട് ഡോസ് വാക്സിനും എടുത്തവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഓരോരുത്തരും അവരവരുടെ അവസരമെത്തുമ്പോള്‍ വാക്സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. 24 മണിക്കൂറിനിടെ 22,960 ഡോസ് വാക്സിനാണ് നല്‍കിയത്.

രാജ്യത്ത് വാക്സിനെടുക്കാന്‍ സാധിക്കുന്നവരുടെ ജനസംഖ്യയില്‍ 81 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. 60 വയസിന് മുകളിലുള്ളവരില്‍ ഇത് 98.6 ശതമാനമാണ്. ഈ വിഭാഗത്തില്‍ 93.5 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 16 വയസിന് മുകളിലുള്ളവരില്‍ 81 ശതമാനം പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്. 68.6 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനുമെടുത്തത്. 

Related News