ഖത്തറിൽ പൊതുജനങ്ങള്‍ക്ക് കോടതി സേവനങ്ങൾക്കായി മൊബൈൽ ആപ് പുറത്തിറക്കി

  • 04/08/2021

ദോഹ: ഖത്തറിൽ പൊതുജനങ്ങള്‍ക്ക് കോടതി സേവനങ്ങള്‍ തേടുന്നതിനും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പബ്ലിക് പ്രൊസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.‍ പൊതു ജനങ്ങൾക്ക് കേസിന്റെയും വിധിയുടെയും നിലവിലെ സ്ഥിതി അറിയാനും വിവിധ കോടതി ഫീസുകള്‍ അടക്കാനും ആപ്പ് വഴി സാധിക്കും. 

പൊതുജനങ്ങള്‍, കമ്പനികള്‍, നിയമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് സേവനങ്ങളും വിവരങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.‍ പൊതുജനങ്ങള്ക്ക് ഡിജിറ്റല്‍ പ്രൊസിക്യൂഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആപ്പില്‍ ലോഗിന്‍ ചെയ്യാതെ തന്നെ കേസിന്റെയും വിധിയുടെയും സ്ഥിതി, നേരത്തേ നടത്തിയ അപേക്ഷകളുടെ വിവരം, പണമടക്കല്‍ എന്നിവ ഇതു വഴി എളുപ്പത്തിൽ സാധിക്കും.

ലോഗിന്‍ ചെയ്താല്‍ കൂടുതല്‍ സേവനങ്ങളും വിവരങ്ങളും ലഭിക്കും. നിയമസ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കു ലഭിക്കാത്ത കൂടുതല്‍ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേക വിഭാഗത്തില്‍ ഉള്‍പെടുത്തി സേവനം നല്‍കുന്നു. ആകെ 46 സേവനങ്ങളാണ് ആപ്പില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related News