ഖത്തറിലും കോവിഡിന്റെ ഡെൽറ്റ വകഭേദം

  • 04/08/2021

ദോഹ : ഖത്തറിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്നതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ.

കർശന പ്രവേശന, പ്രതിരോധ നടപടികളെ തുടർന്ന് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം വൈകിക്കാൻ കഴിഞ്ഞതായി ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി ചൂണ്ടിക്കാട്ടി.

ഡെൽറ്റയുടെ വരവിന് മുൻപായി രാജ്യത്ത് വലിയൊരു ശതമാനം പേർക്കും കോവിഡ് വാക്‌സീൻ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡിനെതിരെ വാക്‌സീൻ ഫലപ്രദമാണ്.

അർഹരായ ജനസംഖ്യയിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 85 ശതമാനം പേരും ആദ്യ ഡോസ് എടുത്തു കഴിഞ്ഞു.

സമീപ ദിവസങ്ങളിലായി കോവിഡ് പ്രതിദിന സംഖ്യയിൽ വർധന പ്രകടമായതിനെ തുടർന്നാണ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ നിലവിലെ മൂന്നാം ഘട്ടം തന്നെ തുടരാൻ തീരുമാനിച്ചത്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെടുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുകയും ചെയ്താൽ നാലാം ഘട്ടം സെപ്റ്റംബറിൽ ആരംഭിച്ചേക്കും.

എന്നാൽ കൂടുതൽ ഇളവുകൾ നൽകുമെങ്കിലും നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റുകയില്ലെന്നും എല്ലാ ഘട്ടങ്ങളിലും മുഴുവൻ ജനങ്ങളും ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം തുടങ്ങിയ മുൻകരുതൽ നിർബന്ധമായും പാലിക്കണമെന്നും ഡോ.അൽ മസലമണി ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Related News