കൊവിഡ് വ്യാപനം കുറഞ്ഞു: ഖത്തറിൽ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍

  • 30/09/2021


ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം കാര്യമായി കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് പുതിയ ഇളവുകള്‍ സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച്  സുപ്രീം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ക്യാബിനറ്റ് പരിശോധിച്ചു. പുതിയ തീരുമാനങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

കെട്ടിടങ്ങള്‍ പോലെ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ എല്ലാവരും തുടര്‍ന്നും മാസ്‍ക് ധരിക്കണം. എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ഇളവുണ്ടാകും. മാര്‍ക്കറ്റുകളിലും മറ്റും സംഘടിപ്പിക്കുന്ന പൊതു പരിപാടികള്‍‍, എക്സിബിഷനുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവിടങ്ങില്‍ തുടര്‍ന്നും മാസ്‍ക് നിര്‍ബന്ധമാണ്. പള്ളികള്‍, സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളുടെ പരിസരങ്ങളിലും മാസ്‍ക് ധരിക്കണം. 

തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോഴും ഉപഭോക്താക്കളുമായി സംസാരിക്കേണ്ടി വരുന്ന തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരും ജോലിയിലുടനീളം മാസ്‍ക് ധരിക്കണം എന്നിവയാണ് നിബന്ധനകള്‍. എന്ത് കാരണങ്ങള്‍ക്ക് വേണ്ടിയായാലും വീടുകള്‍ക്ക് പുറത്തുപോകുമ്പോള്‍ തുടര്‍ന്നും മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം.

Related News