അതിതീവ്ര റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ: യാത്രാ മാർഗനിർദേശങ്ങളിലും മാറ്റങ്ങൾ

  • 29/11/2021


ദോഹ : കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടത്തിയതിന് പിന്നാലെ വിദേശരാജ്യങ്ങളുടെ യാത്ര അനുമതി പട്ടികയിൽ ഖത്തർ മാറ്റങ്ങൾ വരുത്തി. താരതമ്യേന ലഘുവായ നിയന്ത്രണങ്ങൾ ഉളള ഗ്രീൻ ലിസ്റ്റിൽ ഇപ്പോൾ 175 രാജ്യങ്ങളാണുള്ളത്. 21 രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തുടരുമ്പോൾ ഇന്ത്യയും, ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയും  ഉൾപ്പെടെ 16 രാജ്യങ്ങൾ അതിതീവ്ര കോവിഡ് പട്ടികയിലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഈ ലിസ്റ്റിലാണ്.

അതിതീവ്ര റെഡ് ലിസ്റ്റിൽ പുതുതായി ഉൾപ്പെടുത്തിയ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള പുതിയ യാത്രാ മാർഗനിർദ്ദേശങ്ങളും ആരോഗ്യമന്ത്രാലയം അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ പൗരൻമാരും, ഖത്തർ പൗരന്മാരും വ്യത്യസ്ത നിർദേശങ്ങൾ ആണ് പിന്തുടരേണ്ടത്. ഡിസംബർ 1 മുതലാണ് ഈ മാർഗ നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. 

ഖത്തറിലേക്ക് പുറപ്പെടുന്നതിന്റെ 72 മണിക്കൂർ മുൻപെങ്കിലും നടത്തിയ പീസീആർ പരിശോധന ഫലം കയ്യിൽ ഉണ്ടായിരിക്കണം. ഖത്തറിൽ എത്തിയ ശേഷം 7 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. ഹോട്ടലിൽ ആണ് ക്വാറന്റൈൻ എങ്കിൽ ഹോട്ടലിൽ എത്തിയ ദിവസവും ആറാം ദിവസവും ടെസ്റ്റ്‌ നടത്തണം. ആറാം ദിവസത്തെ ടെസ്റ്റ്‌ നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ എയർപോർട്ടിൽ തന്നെ ആദ്യദിനം ടെസ്റ്റ്‌ നടത്തണം. എല്ലാ പ്രായപരിധിയിൽ ഉള്ളവർക്കും ഈ നിയമങ്ങൾ ബാധകമാണ്. അതേസമയം ഖത്തർ പൗരന്മാർക്ക് 2 ദിവസം ഹോട്ടൽ ക്വാറന്റൈനും 5 ദിവസത്തെ ഹോം ക്വാറന്റൈനുമാണ് നിർദേശം. സന്ദർശകവിസയിൽ ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്നവർക്കും 7 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണം. രണ്ട് ഡോസ് വാക്സിനേഷനും സ്വീകരിച്ചവർക്ക് മാത്രമേ സന്ദർശനവിസ ലഭിക്കുകയുള്ളൂ.

Related News