സിൽവർ ലൈൻ: സ്വപ്ന പദ്ധതിയുമായി ജനസമക്ഷത്തേക്ക്; കൊച്ചിയിൽ ഇന്ന് വിശദീകരണ യോഗം

  • 05/01/2022

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊച്ചിയിലെത്തും. പ്രതിപക്ഷവുമായി നേരിട്ട് ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് വിശദീകരണ യോഗം. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോഗം ചേരുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിൻറെ ആഹ്വാനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാർ എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കൽപ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും. ഒരേസമയം വർഗീയ കാർഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്.

Related News