ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്: ആക്രമിച്ചത് ആർ എസ് എസുകാരെന്ന് ബിന്ദു അമ്മിണി, അന്വേഷണം തുടരുന്നു

  • 05/01/2022

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. വെള്ളയിൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തും. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആർ എസ് എസുകാരനാണ് തന്നെ ആക്രമിച്ചതെന്നാണ് ബിന്ദു അമ്മിണിയുടെ ആരോപണം. അക്രമിയുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

'ഞാൻ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. പൊലീസിൽ നിന്ന് എനിക്ക് യാതൊരു നീതിയും ലഭിക്കുന്നില്ല. പൊതുസ്ഥലത്തുവച്ച് ആർ എസ് എസുകാരനായ ഒരാളാണ് ആക്രമിച്ചത്. ഡ്രൈവിംഗ് അറിയാവുന്ന ഒരാളല്ല ഞാൻ. ആ ഞാൻ എങ്ങനെയാണ് വണ്ടിയുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക് വന്നതെന്ന് എനിക്കറിയില്ല.' -ബിന്ദു അമ്മിണി പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ വച്ചാണ് മദ്യലഹരിയിൽ ഒരാൾ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മർദ്ദന ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ബിന്ദു അമ്മിണി പുറത്തുവിട്ടിരുന്നു.

Related News