മരണത്തിലും വേര്‍പിരിഞ്ഞില്ല; ബൈക്കപകടത്തില്‍ മരിച്ചത് ഉറ്റസുഹൃത്തുക്കളായ മൂന്നുപേര്‍

  • 06/01/2022

പേരൂര്‍ക്കട: നെടുമങ്ങാട് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ മൂന്നു വിദ്യാർഥികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.  കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ സ്‌കൂളിലെ പഠനകാലത്താണ് വിനീഷും സിദ്ധാര്‍ഥും ടെഫിനും പരിചയപ്പെടുന്നത്. പിന്നീടത് പിരിയാനാകാത്ത സൗഹൃദമായി വളര്‍ന്നു. ഒടുവില്‍ മരണമെത്തിയപ്പോഴും അവര്‍ ഒരുമിച്ച് വിട പറഞ്ഞു.

വഴയില പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് സ്വദേശിയായ ടെഫിൻ (16), പേരൂർക്കട സ്വദേശികളായ വിനീഷ് (16), സിദ്ധാർഥ് (16) എന്നിവരാണ് മരിച്ചത്. 

വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരുമായി അമിത വേ​ഗതയിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയും തുട‍ർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു. 

ബൈക്കും അതിലുണ്ടായിരുന്ന മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ കുഴിയിലേക്ക് തെറിച്ചു വീണു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. 

 പത്താം ക്ലാസ് കഴിഞ്ഞ് സിദ്ധാര്‍ഥിന് പഠിച്ച സ്‌കൂളില്‍തന്നെ പ്ലസ് വണ്ണിനു ചേരാന്‍ കഴിഞ്ഞു. വിനീഷിനും ടെഫിനും മെഡിക്കല്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അഡ്മിഷന്‍ ലഭിച്ചത്. എന്നാല്‍, സ്‌കൂള്‍ മാറ്റമൊന്നും ഇവരുടെ സൗഹൃദത്തെ വേര്‍പിരിക്കാനായില്ല. പരസ്പരം മൂന്നുപേരും മൂന്നു വീടുകളിലും എത്തുമായിരുന്നു. 

ചൊവ്വാഴ്ച വൈകീട്ട് വിനീഷും സിദ്ധാര്‍ഥും ബൈക്കില്‍ ടെഫിനിന്റെ വീട്ടിലെത്തി. അവിടെനിന്ന് ടെഫിനെയും കൂട്ടി പേരൂര്‍ക്കട ഭാഗത്തേക്കു വരുമ്പോഴാണ് നാലരമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വഴയില പാലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ മരണത്തിന്‍റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും. 

Related News